എന്റെ ശ്വാസം നിലയ്ക്കാതെ ബംഗാളില്‍ തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ല;മമതാ ബാനര്‍ജി

താന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വ നിയമ ഭേദഗതി നടപ്പിലാക്കില്ലായെന്നും തടങ്കല്‍ കേന്ദ്രങ്ങള്‍ ഉണ്ടാകില്ലെന്നും പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി.ഞാന്‍ ജീവിച്ചിരിക്കുന്ന കാലം വരെ ബംഗാളില്‍ പൗരത്വനിയമ ഭേദഗതി നടപ്പിലാക്കാന്‍ സമ്മതിക്കില്ല. രാജ്യം വിട്ടോ സംസ്ഥാനം വിട്ടോ ഒരാള്‍ക്ക് പോലും പോകേണ്ടി വരില്ല. ബംഗാളില്‍ തടങ്കല്‍ പാളയങ്ങള്‍ ഉണ്ടാകില്ല. മമത ബാനര്‍ജി വ്യക്തമാക്കി.

പൗരത്വം പോലെയുള്ള അവകാശങ്ങള്‍ തട്ടിയെടുക്കാന്‍ ആര്‍ക്കും കഴിയില്ലെന്ന് പറഞ്ഞ മമത പൗരത്വനിയമഭേദഗതി പിന്‍വലിക്കും വരെ പോരാട്ടം തുടരുമെന്നും കൂട്ടിച്ചേര്‍ത്തു.പൗരത്വ നിയമ ഭേദഗതിക്കെതിരെ കൊല്‍ക്കത്തയില്‍ വിദ്യാര്‍ത്ഥികള്‍ സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു അവര്‍.ദേശീയ പൗരത്വ രജിസ്റ്ററിനും പൗരത്വ നിയമ ഭേദഗതിക്കും എതിരെ ബംഗാളില്‍ വന്‍പ്രതിഷേധമാണ് മുഖ്യമന്ത്രി മമത ബാനര്‍ജി സംഘടിപ്പിച്ചിരിക്കുന്നത്.

ആസ്സാമില്‍ നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന തടങ്കല്‍ കേന്ദ്രത്തിന്റെ ചിത്രങ്ങളടക്കം കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തിരുന്നു.പൗരത്വപ്പട്ടികയില്‍ നിന്ന് പുറത്താവുന്നവര്‍ക്കായി രാജ്യത്ത് എവിടെയും തടങ്കല്‍ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കുന്നില്ലെന്നും, ദേശവ്യാപകമായി ജനസംഖ്യാ രജിസ്റ്റര്‍ നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ഒരു തരത്തിലുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്നും പ്രധാനമന്ത്രി മോദി പറഞ്ഞിരുന്നു. ഇതിനെതിരെ പ്രതികരിക്കുകയായിരുന്നു മമത ബാനര്‍ജി.

SHARE