‘പാകിസ്താനെ കുറിച്ച് മാത്രം പറയാന്‍ മോദി അവരുടെ അംബാസഡറാണോ’;മമതാ ബാനര്‍ജി

പാകിസ്താനെ കുറിച്ച് മാത്രം പറയുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അവരുടെ അംബാസഡറാണോയെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ഇന്ത്യയിലെ ജനങ്ങളെക്കുറിച്ച് സംസാരിക്കാനാണ് മോദി ശ്രമിക്കേണ്ടത് , മറിച്ച് പാകിസ്താന്റെ മഹത്വം പറഞ്ഞ് നടക്കാന്നല്ല മമത പറഞ്ഞു.സില്‍ഗുരിയില്‍ നടന്ന പൗരത്വനിയമ ഭേദഗതിക്കെതിരായ റാലിയില്‍ സംസാരിക്കുകയായിരുന്നു മമത.

എന്തുകൊണ്ടാണ് പ്രധാനമന്ത്രി എല്ലായ്‌പ്പോഴും നമ്മുടെ രാജ്യത്തെ പാകിസ്താനുമായി താരതമ്യം ചെയ്യുന്നത്. ഹിന്ദുസ്ഥാനെ കുറിച്ച് സംസാരിക്കാന്‍ മോദി തയ്യാറാകണം. പാകിസ്താനെ കുറിച്ച് തങ്ങള്‍ക്ക് കേള്‍ക്കേണ്ടതില്ലെന്നും മമത പറഞ്ഞു.

ആരെങ്കിലും എനിക്ക് ജോലി ഇല്ലെന്നോ എന്റെ ജോലി നഷ്ടപ്പെട്ടെന്നോ ചോദിക്കുകയോ പറയുകയോ ചെയ്താല്‍ പ്രധാനമന്ത്രി അവരോട് പാകിസ്താനില്‍ പോകാനാണ് പറയുന്നത്. ബിസിനസ് നഷ്ടത്തിലായെന്ന് പറയുന്നവരോടും ഇത് തന്നെ പറയുന്നു. പാകിസ്താനല്ല ഞങ്ങളുടെ രാജ്യം ഇന്ത്യയാണ്. മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയാണെന്നുള്ള കാര്യ മറക്കരുതെന്നും മമതാ ബാനര്‍ജി പറഞ്ഞു.