തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് എന്തുകൊണ്ട്; പുല്‍വാമ ഭീകരാക്രമണം സംശയാസ്പദമെന്ന് മമത

പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്തി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. ലോക്‌സഭ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പ് എന്തുകൊണ്ട് ഇത്തരമൊരു ആക്രമണമുണ്ടായെന്ന് ചോദിച്ച ബംഗാള്‍ മുഖ്യമന്ത്രി, ആക്രമണത്തിന്റെ സമയം സംശയാസ്പദമാണെന്നും സുരക്ഷാ വീഴ്ചയില്‍ ഉന്നതതല അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടു.

പുല്‍വാമ ഭീകരാക്രമണത്തില്‍ ഇന്റലിജന്‍സ് വീഴ്ചയുണ്ടായി. എന്തുകൊണ്ട് അഞ്ചുകൊല്ലമായി പാക്കിസ്ഥാനെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ല. വര്‍ഗീയസംഘര്‍ഷമുണ്ടാക്കാന്‍ ശ്രമം നടക്കുകയാണെന്നും മമത ബാനര്‍ജി കൊല്‍ക്കത്തയില്‍ പറഞ്ഞു.

 ഇത്തരം ആക്രമണങ്ങള്‍ തടയാന്‍ എന്തുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ലെന്നും അവര്‍ കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിയിരിക്കുകയാണ്. നിങ്ങള്‍ നിഴല്‍ യുദ്ധത്തെ കുറിച്ച് ചിന്തിക്കണമെന്നും അവര്‍ പറഞ്ഞു. കശ്മീരിലെ സാഹചര്യങ്ങള്‍ ശക്തമായി കൈകാര്യം ചെയ്യാന്‍ പോലീസിന് നിര്‍ദേശം നല്‍കണം. വിഘടനവാദികളുടെ പ്രവര്‍ത്തനങ്ങള്‍മൂലം ജനങ്ങള്‍ പ്രകോപിതരാകരുതെന്നും അവര്‍ പറഞ്ഞു. മോദിയും അമിത് ഷായും പ്രസംഗങ്ങള്‍ നടത്തുന്നു. അവര്‍ ദേശാഭിമാനികളാണെന്നും മറ്റുള്ളവര്‍ അല്ലെന്നും പറയാനാണ് അവര്‍ ശ്രമിക്കുന്നത്. അത് സത്യമല്ല. ബി.ജെ.പിയും ആര്‍എസ്.എസും വി.എച്ച്പിയും ഈ അവസരം ഉപയോഗിച്ച് മതസ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അവര്‍ പറഞ്ഞു. 

ആക്രമണം രാഷ്ട്രീയവത്കരിക്കാന്‍ ബി.ജെ.പി ശ്രമിക്കുകയാണെന്ന് കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ കേന്ദ്രആഭ്യന്തര മന്ത്രിയുമായ എ.കെ ആന്റണിയും ആരോപിച്ചു.