ഞാന്‍ ജീവിച്ചിരിക്കുന്നിടത്തോളം കാലം ആര്‍ക്കും രാജ്യം വിട്ട് പോവേണ്ടി വരില്ല; മഹാറാലിയുമായി മമത

പൗരത്വ ഭേദഗതി നിയമത്തിന്റെ തന്റെ നിലപാട് വീണ്ടും ആവര്‍ത്തിച്ച് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. നിയമം രാജ്യത്തെ വിഭജിക്കുന്നതാണെന്നും താനുള്ളപ്പോള്‍ ബംഗാള്‍ ജനതയെ ആര്‍ക്കും തൊടാനാവില്ലെന്നും മമത വ്യക്തമാക്കി.പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി കൊല്‍ക്കത്തയില്‍ മെഗാ റാലിക്ക് മമത ബാനര്‍ജി ആഹ്വാനം ചെയ്തു. വെസ്റ്റ് ബംഗാള്‍ മുഖ്യമന്ത്രി. ഏത് സാഹചര്യത്തിലും പൗരത്വ ഭേദഗതി ബില്‍ വെസ്റ്റ് ബംഗാളില്‍ നടപ്പാക്കാന്‍ സമ്മതിക്കില്ലെന്നും മമത ബാനര്‍ജി. വിവാദപൂര്‍ണമായ പൗരത്വ ഭേദഗതി നിയമത്തിനെതിരെ സംസ്ഥാനത്തുടനീളം പ്രതിഷേധങ്ങളുടെ പരമ്പര സംഘടിപ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. മെഗാ റാലി തിങ്കളാഴ്ച്ച അംബേദ്ക്കര്‍ പ്രതിമക്കടുത്ത് നിന്ന് തുടങ്ങുമെന്നും മമത റാലിയില്‍ പങ്കെടുക്കുമെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ട്വിറ്ററില്‍ പങ്കുവെച്ചു.

രാജ്യത്ത് വിവിധയിടങ്ങളില്‍ വന്‍ പ്രതിഷേധമാണ് അരങ്ങേറുന്നത്. പശ്ചിമ ബംഗാളില്‍ പ്രതിഷേധക്കാര്‍ റെയില്‍വെ സ്‌റ്റേഷന് തീയിട്ടു. ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ ബെല്‍ദന്‍ഗ റെയില്‍വ സ്‌റ്റേഷനിലാണ് തീയിട്ടത്. അസമില്‍ പ്രതിഷേധക്കാര്‍ക്കെതിരെ നടത്തിയ വെടിവെപ്പില്‍ രണ്ടു പേര്‍ മരിച്ചിരുന്നു. സൈന്യം നടത്തിയ വെടിവെപ്പില്‍ ജോര്‍ഹട്ടിലാണ് രണ്ടു പേര്‍ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ഥിയുമുണ്ട്.

ത്രിപുരയിലെ സമരക്കാരില്‍ ഒരു വിഭാഗം കേന്ദ്രം നല്‍കിയ ഉറപ്പില്‍ വിശ്വസിച്ച് സമരത്തില്‍ നിന്നും പിന്‍വാങ്ങിയിരുന്നു.എന്നാല്‍ മേഘാലയ, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍, നാഗാലാന്റ് മുതലായ സംസ്ഥാനങ്ങളിലെല്ലാം പ്രക്ഷോഭം ആളിപ്പടരുകയാണ്.ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഓള്‍ അസം സ്റ്റുഡന്റ്‌സ് യൂണിയന്റെ നേതൃത്വത്തില്‍ ഇന്ന് രാവിലെ 10 മണിക്കൂര്‍ നിരാഹാര സമരം പ്രഖ്യാപിച്ചിരുന്നു.

SHARE