മല്ല്യയെ രക്ഷപ്പെടാന്‍ അനുവദിച്ച സി.ബി.ഐ ജോ. ഡയറക്ടര്‍ മോദിക്ക് പ്രിയപ്പെട്ടവന്‍: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: വിജയ് മല്ല്യക്ക് രാജ്യം വിടാന്‍ അവസരമൊരുക്കിയതില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പങ്ക് ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി വീണ്ടും. മല്ല്യക്കെതിരെ പുറപ്പെടുവിച്ചിരുന്ന ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തിയ സി.ബി.ഐ ജോയിന്റ് ഡയറക്ടര്‍ എ.കെ ശര്‍മ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വന്തം ആളാണെന്നും നീരവ് മോദി, മേഹുല്‍ ചോസ്‌കി എന്നിവരുടെ രക്ഷപ്പെടല്‍ പദ്ധതികള്‍ക്കു പിന്നിലും എ.കെ ശര്‍മ തന്നെയായിരുന്നുവെന്ന് രാഹുല്‍ ട്വീറ്റ് ചെയ്തു.

‘സി.ബി.ഐ ഡയറക്ടര്‍ എ.കെ ശര്‍മയാണ് ലുക്കൗട്ട് നോട്ടീസ് ദുര്‍ബലപ്പെടുത്തി മല്ല്യയെ രക്ഷപ്പെടാന്‍ അനുവദിച്ചത്.
ഗുജറാത്ത് കേഡറിലെ ഓഫീസറായ ശര്‍മ സി.ബി.ഐയില്‍ പ്രധാനമന്ത്രി മോദിയുട വേണ്ടപ്പെട്ടയാളാണ്.
നീരവ് മോദിയുടെയും മേഹുല്‍ ചോസ്‌കിയുടെയും എസ്‌കേപ്പ് പ്ലാനുകളുടെ മേല്‍നോട്ടം അതേ ഓഫീസര്‍ക്കായിരുന്നു. ഊപ്‌സ്… അന്വേഷണം…’ രാഹുലിന്റെ ട്വീറ്റ്.

മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നടന്ന ഇഷ്‌റത്ത് ജഹാന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചതിന് ഐ.എ.എസ് ഓഫീസറായ എ.കെ ശര്‍മയെ സി.ബി.എ ചോദ്യം ചെയ്തിരുന്നു.

ബാങ്കുകളില്‍ കോടിക്കണക്കിന് രൂപ ബാധ്യത വരുത്തി വിജയ് മല്ല്യ രാജ്യം വിട്ട സംഭവത്തില്‍ ബി.ജെ.പി പ്രതിരോധത്തിലാണ്. രാജ്യം വിടുന്നതിനു മുമ്പ് കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുമായി കൂടിക്കാഴ്ച നടത്തിയെന്ന് വിജയ് മല്ല്യ ലണ്ടനില്‍ പറഞ്ഞിരുന്നു. എയര്‍പോര്‍ട്ടുകളില്‍ വെച്ച് മല്ല്യയെ അറസ്റ്റ് ചെയ്യാനുള്ള ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നെങ്കിലും സി.ബി.ഐ ഇത് ദുര്‍ബലപ്പെടുത്തിയതാണ് രക്ഷപ്പെടലിലേക്ക് നയിച്ചത്. അറസ്റ്റ് ചെയ്യുക എന്ന ഭാഗം തിരുത്തി നിരീക്ഷിക്കുക എന്നാക്കി മാറ്റുകയായിരുന്നു.