ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി; ജൂണ്‍ എട്ടിന് ശേഷം ആരാധനാലയങ്ങളും മാളുകളും തുറക്കാം

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പ്രഖ്യാപിക്കപ്പെട്ട ലോക്ക്ഡൗണ്‍ ജൂണ്‍ 30 വരെ നീട്ടി. ജൂണ്‍ എട്ടിന് ശേഷം നിലവിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ പ്രഖ്യാപിക്കും.

ജൂണ്‍ എട്ടിനു ശേഷം ആരാധനാലയങ്ങള്‍ തുറക്കാം. ഹോട്ടലുകള്‍, മാളുകള്‍ എന്നിവയും തുറക്കാം. കൂടുതല്‍ നിയന്ത്രണങ്ങള്‍ സംസ്ഥാനങ്ങള്‍ക്കു തീരുമാനിക്കാം. സംസ്ഥാനാന്തര യാത്രയ്ക്കും അനുമതിയുണ്ടാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അഞ്ചാം ഘട്ട ലോക്ക്ഡൗണില്‍ കണ്ടയ്ന്‍മെന്റ് സോണുകളില്‍ മാത്രമാകും കര്‍ശന നിയന്ത്രണങ്ങള്‍. കണ്ടെയ്ന്‍മെന്റ് സോണുകള്‍ക്ക് അകത്തുള്ള ആരാധനാലയങ്ങളും ഷോപ്പിങ് മാളുകളും ഹോട്ടലുകളും അടച്ചിടേണ്ടി വരും. രാത്രി ഒമ്പതു മുതല്‍ പുലര്‍ച്ചെ അഞ്ചു വരെ കര്‍ഫ്യൂ ആയിരിക്കും. നിലവില്‍ വൈകിട്ട് ഏഴു മുതല്‍ രാവിലെ ഏഴു വരെയാണ് കര്‍ഫ്യൂ.

രണ്ടാം ഘട്ടത്തിലായിരിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കുക. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരുകളുമായി ആലോചിച്ച ശേഷമായിരിക്കും തീരുമാനം. മൂന്നാം ഘട്ടമായി അന്താരാഷ്ട്ര യാത്രകളും മെട്രോ ഗതാഗതവും പുനസ്ഥാപിക്കും. ഈ ഘട്ടത്തിലായിരിക്കും സിനിമാ തിയേറ്ററുകളും ജിംനേഷ്യങ്ങളും സിമ്മിങ്ങ് പൂളുകളും തുറക്കുക.

65 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഗുരുതര രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, 10 വയസ്സിന് താഴെയുള്ള കുട്ടികള്‍ എന്നിവര്‍ വീടിനുള്ളില്‍ കഴിയണം. ഇവര്‍ അത്യാവശ്യ കാര്യങ്ങള്‍ക്ക് മാത്രമേ പുറത്തിറങ്ങാവൂ. കേന്ദ്രം പുറത്തിറങ്ങിയ മാര്‍ഗനിര്‍ദേശങ്ങളില്‍ അയവ് വരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് അനുമതി ഇല്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. മാര്‍ഗനിര്‍ദേശം നടപ്പിലാക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താനുള്ള ചുമതല ജില്ലാ മജിസ്‌ട്രേറ്റുമാര്‍ക്കാണ്.

SHARE