മലേഷ്യയില്‍ നിന്നു കൊച്ചിയിലേക്കുള്ള വിമാനം നാളെ; ആശങ്കയില്‍ പ്രവാസികളും

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍: മലേഷ്യയില്‍ നിന്നുള്ള മലയാളി പ്രവാസികളുടെ മടക്ക യാത്ര നാളെ ആരംഭിക്കാനിരിക്കെ ടിക്കറ്റ് നിരക്ക് സംബന്ധിച്ച് പ്രവാസികളില്‍ പ്രതിഷേധം ശക്തം. 20,000 മുതല്‍ 25,000 രൂപ വരെ ടിക്കറ്റ് നിരക്ക് വരുമെന്നാണ് എംബസ്സി തയ്യാറാക്കിയ യാത്രാലിസ്റ്റിലുള്ളവരെ അറിയിച്ചിരിക്കുന്നത്. 183 പേരാണ് യാത്രലിസ്റ്റിലുള്ളത്.

പണം എയര്‍പോര്‍ട്ട് കൗണ്ടറില്‍ അടക്കേണ്ടി വരുമെന്നും കൂടാതെ 14 ദിവസം കൊറന്റൈന്‍ ചിലവിന് വരുന്ന സംഖ്യയും സ്വയം വഹിക്കാന്‍ തയ്യാറാകണമെന്നും നാളെ ഉച്ചക്ക് 2 മണിക്ക് മുന്‍പായി എയര്‍പോര്‍ട്ടില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നും എംബസ്സിയില്‍ നിന്നുള്ള യാത്രക്കാര്‍ക്കുള്ള അറിയിപ്പില്‍ പറയുന്നത്. എന്നാല്‍ 3000 – 4000 രൂപക്കും നാട്ടില്‍ പോയിരുന്ന പ്രവാസികള്‍ ജോലിയും വരുമാനവുമില്ലാതെ ഭക്ഷണത്തിന് പോലും പ്രയാസപ്പെടുന്ന നിലവിലെ സാഹചര്യത്തില്‍ സൗജന്യമായോ അതല്ലെങ്കില്‍ സൗജന്യ നിരക്കിലോ നാട്ടിലെത്തിക്കുമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ അതിനിടയിലാണ് ഇടിത്തീ പോലെ ഈ വാര്‍ത്ത വരുന്നത്. ഈ സാഹചര്യത്തില്‍ പലരും യാത്ര ഒഴിവാക്കേണ്ടി വരുമെന്ന ആശങ്കയിലാണ്.

പൊതുവെ സാധാരണക്കാരായ പ്രവാസികള്‍ ജോലി ചെയ്യുന്ന രാജ്യമെന്ന നിലക്ക് മലേഷ്യയിലെ പ്രവാസികളെ പ്രത്യേകം പരിഗണിക്കണമെന്നാണ് കെ എം സി സിയുള്‍പ്പെടെ വിവിധ സംഘടനകളും ആവശ്യപ്പെടുന്നത്.

SHARE