നൌഷാദ് വൈലത്തൂര്‍
കോലാലംപൂര്‍ :കോവിഡ് 19 തീര്‍ത്ത മലേഷ്യയിലെ പ്രവാസി സമൂഹത്തിന്റെ വേദനകളും,ദുഃഖങ്ങളും പങ്കിട്ട് മലേഷ്യയിലെ കെ. എം.സി.സി നേതാക്കള്‍. മുസ്ലിം ലീഗ് നേതാക്കളും എം.പി മാരുമായ പി.കെ കുഞ്ഞാലിക്കുട്ടി ഇ.ടി മുഹമ്മദ് ബഷീര്‍ എന്നിവരോടാണ് കോലാലംപൂര്‍ കെ.എം.സി.സി യുടെ നേതൃത്വത്തിലുള്ള ഓണ്‍ലൈന്‍ മീറ്റിംഗില്‍ മലേഷ്യയിലെ കെ എം സി സി നേതാക്കള്‍ ഓരോ സ്റ്റേറ്റിലെയും പരാതികള്‍ അവതരിപ്പിച്ചത്.
ലോക് ഡൌണ്‍ കാരണം ജോലി നഷ്ടപെട്ടു താമസത്തിനും ഭക്ഷണത്തിനും പ്രയാസപെടുന്നവരെ ഇന്ത്യന്‍ എംബസ്സി ശ്രദ്ധിക്കാത്തതും, നാട്ടില്‍ പോകാന്‍ പ്രയാസപ്പെടുന്ന സന്ദര്‍ശക വിസ തീര്‍ന്നവരും,വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ള വരെ തിരിച്ചു കൊണ്ടു പോകുന്നതില്‍ നിഷേധത്മ നിലപാട് സ്വീകരിക്കുന്ന സംസ്ഥാന കേന്ദ്ര ഗവര്‍മെന്റുകളെ കുറിച്ചുള്ള പരാതികളെല്ലാം കേട്ടിരുന്ന എം.പിമാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതിനായി സര്‍ക്കാരിന് മുന്നില്‍ വിഷയം അവതരിപ്പിക്കുമെന്ന് വ്യക്തമാക്കി.
കോലാലംപൂര്‍ ഇന്ത്യന്‍ സ്ഥാനപതി കാര്യാലയത്തിന് പുറമെ ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള ജോഹര്‍ സ്റ്റേറ്റില്‍ ഇന്ത്യന്‍ കോണ്‍സിലേറ്റ് സ്ഥാപിക്കുക. ഇന്ത്യന്‍ കമ്മ്യൂണിറ്റി വെല്‍ഫെയര്‍ ഫണ്ട് സ്ഥാപിച്ചു അടിയന്തര സ്വഭാവമുള്ള വിഷയങ്ങള്‍ക്കും, പാവപ്പെട്ട പ്രവാസികള്‍ മരണപ്പെടുമ്പോള്‍ മൃത്യശരീരം നാട്ടിലെത്തിക്കാനും ഉപയോഗപ്രദമാക്കുക. കോവിഡ് വ്യാപനത്തിന്റെ ആകുലതയില്‍ കഴിയുന്ന പ്രവാസി സമൂഹത്തെ അവര്‍ക്ക് താങ്ങും തണലുമായി ആശ്വാസവും ആത്മധൈര്യവും പകര്‍ന്ന് നല്കിക്കൊണ്ടിരിക്കുന്ന കെ.എം.സി.സി സോഷ്യല്‍ ടീമിനെ ഇന്ത്യന്‍ എംബസ്സിയുടെ സന്നദ്ധ സേവന പ്രവര്‍ത്തകരായി അംഗീകരിക്കുക. അവധിക്ക് നാട്ടില്‍ പോയി തിരിച്ചു വരാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് നോര്‍ക്ക മുഖേന നല്‍കുമെന്ന് പറയുന്ന ധനസഹായം സുതാര്യവും കാര്യക്ഷമമാക്കിയും അപേക്ഷ സമര്‍പ്പിക്കാനുള്ള നടപടികള്‍ ലളിതമാക്കി ഓണ്‍ലൈനില്‍ എളുപ്പത്തില്‍ കിട്ടാനുള്ള സൗകര്യം ചെയ്യണമെന്നത് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കെ.എം.സി.സി നേതാക്കള്‍ എം.പിമാരുടെ ശ്രദ്ധയില്‍പ്പെടുത്തി.
ഹനീഫ ബിസ്മില്ല വടക്കേക്കാട്, കെ.പി.ഷിജു വെളിമാട്കുന്ന്, ഹനീഫ കോട്ടക്കല്‍, നൌഷാദ് വൈലത്തൂര്‍, സാദത്ത് അന്‍വര്‍, മുനീര്‍ ഷാ, ഫാറൂഖ് ചെറുകുന്ന്, സുലൈമാന്‍ സാഹിബ്, സമീര്‍ മലപ്പുറം, നംഷീര്‍ നാദാപുരം തുടങ്ങിയ കോലാലംപൂര്‍ കെ.എം.സി.സി ഭാരവാഹികള്‍ക്ക് പുറമെ കെ.പി. നാസര്‍ ഹാജി, സയ്യിദ് റിയാസ് ജിഫ്രി തങ്ങള്‍, കാസിം സാഹിബ്,ഇ റ്റി എം തലപ്പാറ (മലേഷ്യ നാഷണല്‍ കമ്മിറ്റി ) അഷ്കര്‍ പകര ( പഹാങ്ക് ) ഉസ്മാന് കാഞ്ഞിരപ്പുഴ ( മലാക്ക ) ഉബൈദ് പടിഞ്ഞാറെക്കര, നിസാര്‍ ( പേരാക്ക് ) റഹീം മാസ്റ്റര്‍, റിയാസ് എം റ്റി പി ( ജോഹോര്‍ ) സാബിര്‍ (കിട പേര്‍ലിസ് ) ഷാഫി യു.കെ (സാബ ) എന്നിവരെല്ലാം എം.പിമാരുമായി സംവദിച്ചു. പ്രധാന പ്രവര്‍ത്തകരും ഓണ്‍ലൈന്‍ പരിപാടിയില്‍ സന്നിഹിതരായിരന്നു.