ക്വലാലംപൂര്‍: മലേഷ്യയില്‍ ഓഗസ്റ്റ് 31 വരെ ലോക്ക്ഡൗണ്‍ താല്കാലികമായി ഒഴിവാക്കിയതായി പ്രധാനമന്ത്രി മുഹിയദ്ദീന്‍ യാസീന്‍ വ്യക്തമാക്കി. നിലവിലെ ലോക്ക്ഡൗണ്‍ ജൂണ്‍ ഒമ്പതിനു അവസാനിക്കും. ഇതോടെ ജൂണ്‍ പത്തു മുതല്‍ ആഗസ്റ്റ് 31 വരെ ലോക്ഡൗണ്‍ ഉണ്ടായിരിക്കില്ല. നിലവിലുള്ള ഇളവുകള്ക്കുപുറമെ അന്തര്‍സംസ്ഥാന യാത്ര അനുവദിക്കുമെന്നും വ്യപാര ബിസിനസ് മേഖലയില്‍ ബാര്‍ബര്‍ ഷോപ്പുകളും പകലും രാത്രിയും ഉണ്ടാകാറുള്ള ബസാറുകളും തുറന്നുപ്രവര്‍ത്തിക്കാന്‍ അനുമതി നല്കി. അന്താരഷ്ട്ര യാത്രകള്‍ക്കും,സംഘം ചേര്‍ന്നുള്ള വിനോദങ്ങള്‍ക്കും സ്പോര്ട്സുകള്ക്കുമുള്ള വിലക്ക് തുടരും
അതേസമയം ആരാധനാലയങ്ങളും,സ്കൂളുകളും തുറന്നുപ്രവര്‍ത്തിക്കുന്നതിനെ കുറിച്ച് അതാതു മന്ത്രാലയങ്ങള്‍ പ്രസ്താവന നടത്തുമെന്നും പൊതുസ്ഥലങ്ങളില്‍ മാസ്ക് ഉള്‍പ്പെടെയുള്ള രോഗപ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചും രാജ്യത്തെ ജനങ്ങളുടെ സമ്പൂര്‍ണ സഹകരണം തുടര്‍ന്നും ഉണ്ടായാല്‍ മാത്രമെ നാം കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തി പോകാന്‍ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു .
ഇന്ന് മലേഷ്യയില്‍ 19 പുതിയ പോസറ്റീവ് കേസുകളും 39 പേര് രോഗമുക്തി നേടിയതായും ഹെല്‍ത്ത് ഡയറക്ടര്‍ ഡോക്ടര്‍ ഹിഷാം അബ്ദുള്ള വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.