രാഹുല്‍ പറഞ്ഞു, മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ബസ്സൊരുക്കി പഞ്ചാബ്

ലുധിയാന: പഞ്ചാബില്‍ കുടുങ്ങിയ മലയാളി സംഘത്തിന് കേരളത്തിലേക്കുള്ള യാത്രയൊരുക്കി കോണ്‍ഗ്രസ് മുന്‍ അദ്ധ്യക്ഷന്‍ രാഹുല്‍ഗാന്ധി. മുപ്പത് വിദ്യാര്‍ത്ഥികള്‍ക്കാണ് രാഹുല്‍ സൗജന്യ യാത്രയൊരുക്കിയത്.

ഗുരുകാശി സര്‍വകലാശാലയിലെ 14 വിദ്യാര്‍ഥികളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 16 വിദ്യാര്‍ഥികളും അടങ്ങുന്ന സംഘം ഇന്ന് ബസില്‍ ബറ്റിന്‍ഡയില്‍നിന്ന് നാട്ടിലേക്ക് യാത്ര തിരിക്കും.

കേരളത്തിലെ വിവിധ ജില്ലകളിലെ വിദ്യാര്‍ഥികളുടെ സംഘത്തില്‍ അഞ്ചു പേര്‍ മലപ്പുറം ജില്ലക്കാരാണ്. വിദ്യാര്‍ഥികളുടെ പ്രശ്‌നം യൂത്ത് കോണ്‍ഗ്രസ് ആനക്കയം മണ്ഡലം പ്രസിഡന്റ് ഷബീബ് ഇരുമ്പുഴി, കെപിസിസി ജനറല്‍ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ വഴി രാഹുല്‍ഗാന്ധിയെ അറിയിക്കുകയായിരുന്നു. വിഷയത്തില്‍ ഉടന്‍ ഇടപെട്ട രാഹുല്‍ പഞ്ചാബിലെ നേതൃത്വവുമായി സംസാരിച്ചു. ഇതോടെ പ്രാദേശിക നേതൃത്വം ബസും യാത്രാ സൗകര്യവും ഒരുക്കുകയായിരുന്നു.

നേരത്തെ, കര്‍ണാടകയില്‍ കുടുങ്ങിയ മലയാളികളെ അവിടത്തെ കോണ്‍ഗ്രസ് നേതൃത്വം നാട്ടിലെത്തിച്ചിരുന്നു. രാജ്യത്തുടനീളം കുടുങ്ങിയ കുടിയേറ്റ തൊഴിലാളികളെയും വിദ്യാര്‍ത്ഥികളെയും നാട്ടിലെത്തിക്കാന്‍ കോണ്‍ഗ്രസ് ശക്തമായ ഇടപെടല്‍ സ്വീകരിക്കുന്നുണ്ട്.

SHARE