കോവിഡ്: കൊല്ലം സ്വദേശി റിയാദില്‍ മരിച്ചു, സൗദിയില്‍ മരണത്തിന് കീഴടങ്ങുന്ന എട്ടാമത്തെ മലയാളി

റിയാദ്: കോവിഡ് ബാധിച്ച് റിയാദിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കൊല്ലം മൈനാഗപ്പള്ളി സ്വദേശി കടപ്പതുണ്ടില്‍ ശരീഫ് ഇബ്രാഹീം കുട്ടി (43)യാണ് മരിച്ചത്. ശുമൈസി ആശുപത്രിയില്‍ വെള്ളിയാഴ്ച വൈകീട്ടാണ് മരണം. ഇതോടെ സൗദിയില്‍ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം എട്ടായി.

റിയാദ് അസീസിയയില്‍ താമസിച്ചിരുന്ന ശരീഫ് അതീഖയിലെ പച്ചക്കറിക്കടയില്‍ ജീവനക്കാരനായിരുന്നു. മൂന്നാഴ്ച മുമ്പാണ് ന്യൂമോണിയ ബാധിച്ച് ശുമൈസി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തീവ്രപരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ കഴിയുകയായിരുന്നു. സ്രവ പരിശോധനയില്‍ കോവിഡ് 19 സ്ഥിരീകരിക്കുകയായിരുന്നു.

ശരീഫയാണ് മാതാവ്. ഭാര്യ: സജ്ന. 10ാം ക്ലാസ് വിദ്യാര്‍ഥിനി ജാസ്മിന്‍ ശരീഫ്, ആറാം ക്ലാസ് വിദ്യാര്‍ഥി മുഹമ്മദ് ഷാന്‍ എന്നിവര്‍ മക്കളാണ്.