ദുരന്തമുഖത്തെ രക്ഷാപ്രവര്‍ത്തനത്തിന് മുംബൈയില്‍ നിന്നൊരു മലയാളി മാതൃക

കെ.എസ്. മുസ്തഫ

കല്‍പ്പറ്റ: കരിപ്പൂര്‍ വിമാനത്താവളത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തില്‍ സ്വയം മറന്ന് രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ ലോകം വാഴ്ത്തുന്നതിനിടയില്‍ മുംബൈയില്‍ നിന്നും മറ്റൊരു മലയാളിമാതൃക. മുംബൈ നഗരത്തില്‍ പെയ്ത കനത്ത മഴയില്‍ തീവണ്ടികളില്‍ കുടുങ്ങിയ 300ഓളം പേരെ രക്ഷപ്പെടുത്തിയതിന് നേതൃത്വം നല്‍കിയത് മലയാളിയായ ഐ.ആര്‍.എസ് ഓഫീസര്‍ കെ.കെ അഷറഫ്.

മുംബൈ മസ്ജിദ് റെയില്‍വേ സ്റ്റേഷനിലെ മഴവെള്ളം നിറഞ്ഞ ട്രാക്കില്‍ രക്ഷാപ്രവര്‍ത്തനത്തിന് സീനിയര്‍ ഡിവിഷനല്‍ കമ്മീഷണര്‍ കെ.കെ അഷറഫ് നേതൃത്വം നല്‍കുന്നു, ഇന്‍സൈറ്റില്‍ കെ.കെ അഷറഫ്

ആരോഗ്യപ്രവര്‍ത്തകരും എമര്‍ജന്‍സി ജീവനക്കാരുമായി യാത്ര ചെയ്യുകയായിരുന്ന സബര്‍ബന്‍ തീവണ്ടി ഛത്രപതി ശിവജി ടെര്‍മിനലിന് സമീപത്തെ മസ്ജിദ് സ്‌റ്റേഷനില്‍ കുടുങ്ങിയപ്പോഴാണ് അഷറഫിന്റെ നേതൃത്വത്തിലുള്ള റെയില്‍വേ സംഘം രക്ഷാപ്രവര്‍ത്തനിറങ്ങിയത്. കനത്ത മഴയില്‍ ടെര്‍മിനലോളം വെള്ളം കയറി ദുരിതത്തിലായ രണ്ട് ലോക്കല്‍ ഇ.എം.യു െ്രെടനുകളിലെ യാത്രക്കാരെ ബോട്ടിലെത്തിയാണ് സേന രക്ഷപ്പെടുത്തിയത്. കോവിഡ് ഭീതിയില്‍ പുറത്തിറങ്ങാതെ യാത്രക്കാരും രക്ഷക്കെത്താതെ മറ്റുള്ളവരും മാറിനിന്നിടത്താണ് തനതു മലയാളി സഹജീവി സ്‌നേഹവുമായി റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ സീനിയര്‍ ഡിവിഷനല്‍ കമ്മീഷണറായ അഷറഫ് നേരിട്ട് രക്ഷാപ്രവര്‍ത്തനത്തിറങ്ങിയത്.

ലോകത്തെ ഏറ്റവും തിരക്കേറിയ റെയില്‍വേ ഡിവിഷനായ മുംബൈയില്‍ 2019ലാണ് അഷറഫ് ചാര്‍ജ്ജെടുക്കുന്നത്. കഴിഞ്ഞ വര്‍ഷവും പ്രളയകാലത്ത് ഉല്ലാസ് നദി കരകവിഞ്ഞ് ട്രാക്ക് മുങ്ങി ബദ്‌ലാപൂരില്‍ കുടുങ്ങിയ യാത്രക്കാരെ ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള സംഘം രക്ഷപ്പെടുത്തിയിരുന്നു. കോവിഡ് പാശ്ചാത്തലത്തില്‍ കഴുത്തറ്റം വെള്ളം കയറിയ ട്രാക്കിലിറങ്ങാന്‍ യാത്രക്കാര്‍ തയ്യാറായില്ലെന്നും തുടര്‍ന്ന് ദേശീയ ദുരന്തനിവാരണ സേന അംഗങ്ങളോടൊപ്പം ബോട്ടിലെത്തി ട്രെയിനിലുള്ളവരെ സുരക്ഷിതസ്ഥലങ്ങളിലെത്തിക്കുകയായിരുന്നുവെന്നും അഷറഫ് ചന്ദ്രികയോട് പറഞ്ഞു. യാത്രക്കാരുടെ ആശങ്കകളറ്റാന്‍ ആദ്യം തന്നെ സേനാംഗങ്ങള്‍ ട്രെയിനിലെത്തി സംസാരിച്ചിരുന്നു. രാത്രിയും കനത്തമഴയും പ്രതിബന്ധമായിട്ടും അവ അവഗണിച്ചും യഥാസമയം രക്ഷാപ്രവര്‍ത്തനം നടത്താന്‍ കഴിഞ്ഞതാണ് അപകടസാധ്യത ഇല്ലാതാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

ഓരോ വര്‍ഷവും 2500ലധികം യാത്രക്കാര്‍ മരിക്കുന്ന മുംബൈ ട്രെയിന്‍ ശൃംഖലയില്‍ അഷറഫ് എത്തിയതോടെ വലിയ മാറ്റങ്ങളാണുണ്ടായത്. സുരക്ഷക്കായുള്ള റെയില്‍വേ സേഫ്റ്റി കേഡറ്റ്‌സ്, മൈ ലെഫ്റ്റ് ഈസ് മൈ റൈറ്റ് തുടങ്ങിയ പദ്ധതികള്‍ വന്‍വിജയമായതോടെ മരണനിരക്ക് 25 ശതമാനത്തോളം കുറക്കാനായതായി അഷറഫ് പറയുന്നു.

കെ.കെ അഷറഫ്

വയനാട് കമ്പളക്കാട് സ്വദേശി പരേതനായ കോട്ടേക്കാരന്‍ പോക്കുവിന്റെയും പാത്തുമ്മ ഹജ്ജുമ്മയുടെ മൂന്നാമത്തെ മകനായ അഷറഫ് 1999ലാണ് സിവില്‍ സര്‍വ്വീസ് പാസായത്. കൊടുങ്ങല്ലൂര്‍ സ്വദേശിനി ഷാഹിനയാണ് ഭാര്യ. വിദ്യാര്‍ത്ഥികളായ അസ്ഹര്‍, ഫാത്തിമ എന്നിവരാണ് മക്കള്‍. റെയില്‍വേ ട്രാക്കില്‍ കുടുങ്ങിയ യാത്രക്കാരെ രക്ഷിക്കാന്‍ നേതൃത്വം നല്‍കിയ റെയില്‍വേ സീനിയര്‍ ഡിവിഷനല്‍ കമ്മീഷണര്‍ കെ.കെ അഷറഫിനെ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ അനുമോദിച്ചു. ദുരന്തം നടക്കുമ്പോള്‍ സ്വയം മറന്ന് ഓടിയെത്തുന്ന മലയാളിയുടെ സഹജീവി സ്‌നേഹത്തിനുള്ള ഉദാഹരണമായി വയനാട് സ്വദേശിയായ അഷറഫിന്റെ പ്രവര്‍ത്തനമെന്നും തങ്ങള്‍ പറഞ്ഞു.

SHARE