‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്’; മലയാളിയുടെ ആത്മഹത്യാക്കുറിപ്പ് പുറത്ത്

ചെന്നൈ: കേരളത്തിലേക്ക് മടങ്ങിവരാന്‍ കഴിയാത്തതില്‍ മനംനൊന്ത് ജീവനൊടുക്കിയ യുവാവിന്റെ ആത്മഹത്യാകുറിപ്പ് വൈറല്‍. ‘എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്. ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡുമായാണ് വരുന്നതെന്ന ധാരണയുണ്ട്. രണ്ടു സര്‍ക്കാരും ട്രെയിന്‍ സര്‍വീസ് നടത്തിയില്ല.’ എന്ന് ആത്മഹത്യകുറിപ്പില്‍ പറയുന്നു. വടകര മുടപ്പിലാവില്‍ മാരാന്‍മഠത്തില്‍ ടി. ബിനീഷാണ് (41) ജീവനൊടുക്കിയത്. ചൊവ്വാഴ്ച രാത്രി ചെന്നൈയില്‍നിന്ന് കേരളത്തിലേക്ക് പോകാനാരിക്കെയാണ് യാത്ര റദ്ദായ വിഷമത്തില്‍ ആത്മഹത്യ ചെയ്തതെന്നാണ് റിപ്പോര്‍ട്ട്.

ബിനീഷിനെ ബുധനാഴ്ച രാവിലെ ചെന്നൈയിലെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കോവിഡ് ഹോട്‌സ്‌പോട്ടായ ചെന്നൈയില്‍നിന്ന് വരേണ്ടെന്ന് നാട്ടില്‍നിന്ന് ആരോ ഫോണില്‍വിളിച്ച് ബിനീഷിനോട് പറഞ്ഞതായി അറിയുന്നു. ഇതിന്റെ മനോവിഷമത്തില്‍ യാത്ര വേണ്ടെന്നുവെക്കുകയായിരുന്നുവെന്നാണ് വിവരം. ബിനീഷിന് കേരളത്തിലേക്കുള്ള പാസ് ലഭിച്ചിരുന്നു.

നാട്ടിലേക്ക് മടങ്ങാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ ഒരു ഫോണ്‍ കോള്‍ വന്നിരുന്നുവെന്നും ഇതിനുശേഷം ബിനീഷ് അസ്വസ്ഥനായിരുന്നുവെന്നും മുറിയിലുള്ളവര്‍ പറയുന്നു. നാട്ടിലേക്ക് മടങ്ങാനുള്ള ബസ് പോയ ശേഷമാണ് ആത്മഹത്യ ചെയ്തത്.

”ഒരു മലയാളി നാട്ടില്‍ വരുമ്പോള്‍ അവന്‍ കോവിഡ് 19 ആയിട്ടാണ് വരുന്നതെന്ന് ധരിക്കുന്നവരുണ്ട്. എല്ലാവരും എല്ലാവരെയും ചൂഷണം ചെയ്യുന്നു. രണ്ട് സര്‍ക്കാരും ട്രെയിന്‍ വിട്ടില്ല. മാനസികമായി തളര്‍ന്നു. ഞങ്ങളെ ആര് രക്ഷിക്കും. മരിക്കാന്‍ പാസ് വേണ്ട. പറ്റുമെങ്കില്‍ എന്റെ ശവം നാട്ടില്‍ അടക്കം ചെയ്യണം. നിയമം എല്ലാവര്‍ക്കും ഒരേ പോലെയാണ്. ഒരോ മലയാളിയും ആ രീതിയില്‍ കാണുന്നു. എന്റെ മരണം ചെന്നൈയിലെ മലയാളികളെ നാട്ടിലെത്തിക്കും. താങ്ങാന്‍ പറ്റുന്നില്ല. നഷ്ടം എന്റെ കുടുംബത്തിന് മാത്രമാകും. നിയമം നല്ലത്. പക്ഷേ അത് ഒരു മനുഷ്യന്റെ പ്രാണന്‍ എടുക്കുന്നു. എന്റെ മരണം ഒരു പ്രവാസിയുടെ സമരമാണ്”. -ബിനീഷ് കുറിപ്പില്‍ പറയുന്നുണ്ട്. അതേസമയം, ബിനീഷിന് നാട്ടില്‍ താമസസ്ഥലമൊരുക്കിയിരുന്നതായി ബന്ധുക്കള്‍ പറയുന്നു.

ബിനീഷ് മൂന്നുവര്‍ഷമായി ചെന്നൈയില്‍ ചായക്കടകളില്‍ ജോലി ചെയ്തു വരികയായിരുന്നു. സംഭവത്തില്‍ സെവന്‍ വെല്‍സ് പോലീസ് കേസെടുത്തു. പ്രവീണയാണ് ഭാര്യ. മകള്‍ ഗൗരികൃഷ്ണ നാലാംക്ലാസ് വിദ്യാര്‍ഥിനിയാണ്.

SHARE