ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണം: കമല്‍

തിരുവനന്തപുരം: ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനപ്പുറം ആസ്വാദന സ്വാതന്ത്ര്യത്തെക്കുറിച്ചും മലയാളി സംസാരിച്ചു തുടങ്ങണമെന്ന് സംവിധായകനും ചലച്ചിത്ര അക്കാദമി ചെയര്‍മാനുമായ കമല്‍. തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഞാന്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് മതശക്തികള്‍ ആകുന്നത് ദുരന്തമാണ്. നമ്മള്‍ എന്ത് കാണണം എന്ന് തീരുമാനിക്കുന്നത് ബാഹ്യശക്തികളാകുമ്പോള്‍ നമ്മുടെ ജനാധിപത്യവും മതേതരത്വവും എവിടെ പോകുന്നുവെന്ന് ആലോചിക്കണം.

മലയാളത്തിലെ ഒരു പാട്ടിന് ഹൈദരാബാദില്‍ നിന്ന് കേസ് വരുമ്പോള്‍ മതശക്തികളുടെ അസഹിഷ്ണുതയുടെ വ്യാപ്തി കൂടുതല്‍ ‘ഭയത്തോടെയാണ് കാണേണ്ടത്. പാട്ട് പിന്‍വലിക്കുന്നില്ലെന്ന തീരുമാനം സന്തോഷകരമാണ്. ആ ധീരത കാണിക്കണമെന്നാണ് പുതിയ തലമുറയിലെ സംവിധായകരോട് പറയാനുള്ളത്. ഇതിനെ ഒരു പോരാട്ടമായി കണ്ടില്ലെങ്കില്‍ ഇനിയും വഴങ്ങേണ്ടിവരും.

ഒരു സിനിമ എടുക്കുന്നതോടെ കലാകാരന്‍മാര്‍ക്ക് സൈ്വരജീവിതം നഷ്ടപ്പെടുന്ന അവസ്ഥയുണ്ടാകരുത്. വര്‍ഷങ്ങളായി കേള്‍ക്കുന്ന പ്രസിദ്ധമായ പാട്ടാണിത്. മതപ്രഭാഷണം നടക്കുന്നതിന്റെ ചുറ്റും പലരും പലതരത്തിലുള്ള വിനോദങ്ങളില്‍ ഏര്‍പ്പെട്ടിട്ടുണ്ടാകും. അവരെല്ലാം മതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്ന് പറയാനാകില്ല. അതുപോലെ തന്നെയാണ് വേദിയില്‍ പാട്ടുപാടുമ്പോള്‍ ഗാനവുമായി ബന്ധമില്ലാത്ത പരിസരത്തുള്ള രംഗം കൂടി പകര്‍ത്തുകയാണ് സിനിമയില്‍ ചെയ്തിരിക്കുന്നത്. ഇത്തരം എതിര്‍പ്പുകളെ ഒറ്റക്കെട്ടായി ചെറുക്കുക തന്നെ ചെയ്യും.

മാധവിയെക്കുട്ടിയെക്കുറിച്ചുള്ള സിനിമയെടുത്തപ്പോള്‍ താനും ഇത്തരം എതിര്‍പ്പിന്റെ ഇരയായതായി കമല്‍ പറഞ്ഞു. അവര്‍ ഉദ്ദേശിക്കുന്ന രീതിയില്‍ ഞാന്‍ മാധവിക്കുട്ടിയെ കാണണം എന്ന് ശഠിക്കുകയാണ് ഒരുപറ്റം ആസ്വാദകര്‍. മറ്റൊരു കാഴ്ചയും മറ്റൊരു മാധവിക്കുട്ടിയെയും അവര്‍ അംഗീകരിക്കില്ല എന്ന ധാര്‍ഷ്ഠ്യമാണ് കേരളത്തില്‍ നടക്കുന്നത്. അതാണ് പാട്ടുവിഷയത്തിലും നടക്കുന്നതെന്നും കമല്‍ പറഞ്ഞു.