മലേഷ്യയില്‍ ലോക്ഡൗണില്‍ നിയന്ത്രിത ഇളവുകള്‍

PERAK 03-05-2020.Workers at the Karat Cafe Ipoh preparing to open their restaurant after government announced the enforcement of conditional movement control order (CMCO) which starts from May 4. MALAY MAIL/Farhan Najib

നൗഷാദ് വൈലത്തൂര്‍

കോലാലംപൂര്‍: മെയ് നാല് മുതല്‍ മലേഷ്യയില്‍ ലോക്ഡൗണില്‍ കൂടുതല്‍ നിയന്ത്രിത ഇളവുകള്‍ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി മുഹ്യദ്ധീന്‍ യാസിന്‍ മെയ്ദിന സന്ദേശത്തിലാണ് ഇളവുകള്‍ പ്രഖ്യാപിച്ചത്. ഹോട്ടല്‍ ഉള്‍പ്പെടെയുള്ള വ്യപാരസ്ഥാപങ്ങള്‍ കര്‍ശന നിയന്ത്രണ ഉപാധിയോടെ തുറന്നു പ്രവര്‍ത്തിക്കാമെന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലും റെഡ് സോണ്‍ മേഖലയിലും ഇളവുകള്‍ ഏത് രൂപത്തില്‍ നല്‍കണമെന്നു സംസ്ഥന ഗവണ്‍മെന്റുകള്‍ക്ക് തീരുമാനമെടുക്കാമെന്ന് അദ്ദേഹം പറഞ്ഞു.

പുതിയ തീരുമാനം ഹോട്ടല്‍ മേഖലയില്‍ ജോലി ചെയ്യുന്ന മലയാളികളുള്‍പ്പെടെയുള്ള ഇന്ത്യക്കാര്‍ക്ക് ആശ്വാസമേകുന്നതാണങ്കിലും കര്‍ശന ഉപാധികളുള്ളതിനാല്‍ ഉപഭോതാക്കള്‍ എത്രത്തോളം സഹകരിക്കുമെന്നതില്‍ ആശങ്കയുണ്ട്. ഹോട്ടലുകളില്‍ ഡൈനിംഗ് ടേബളുകള്‍ തമ്മില്‍ രണ്ട് മീറ്റര്‍ അകലം വേണം, ടേബിളുകളില്‍ പരമാവധി രണ്ടുപേര്‍ മാത്രമേ പാടുള്ളൂ, ഉപഭോക്താവിന്റെ ശരീരതാപനില പരിശോധിക്കുക, പേര്, ടെലിഫോണ്‍ നമ്പര്‍, തിയ്യതി, സമയം എന്നിവ ക്യത്യമായി രേഖപ്പെടുത്തുക. കൗണ്ടറില്‍ ഹാന്‍ഡ് സാനിറ്റൈസര്‍ സ്ഥാപിക്കുക, ജീവനക്കാര്‍ ഗ്ലൗസ് മാസ്‌ക് ധരിക്കുക തുടങ്ങിയ കര്‍ശന നിബന്ധനകളോടെയാണ് അനുമതി നല്‍കിയിരിക്കുന്നത്.

സിനിമ തിയ്യറ്ററുകള്‍, നെറ്റ് ക്ലബുകള്‍, വിനോദ സഞ്ചാര കേന്ദ്രങ്ങള്‍, ആളുകള്‍ കൂട്ടം കൂടുന്ന കായിക വിനോദങ്ങള്‍, ആരാധനാലയങ്ങളില്‍ കൂട്ടം കൂടിയുള്ള പ്രാര്‍ത്ഥനകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, അതിര്‍ത്തി വിട്ടുള്ള യാത്ര തുടങ്ങിയവക്കുള്ള വിലക്ക് തുടരും. ലോകാരോഗ്യസംഘടനയുടെ കോവിഡ് നിയന്ത്രണ മാനദണ്ഡങ്ങളെല്ലാം പാലിച്ചതും ജനങ്ങളുടെ പൂര്‍ണസഹകരണവുമാണ് രോഗവ്യാപനം തടയാന്‍ സഹായിച്ചതെന്നും രാജ്യത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ പുനര്‍നിര്‍ണയത്തിന് വേണ്ടിയാണ് ലോക് ഡൗണ്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു.

SHARE