വിമാന ദുരന്തം, കോവിഡ്, കാലവര്‍ഷം; ദുരിതപര്‍വം താണ്ടി മലപ്പുറം ജില്ല

ഇഖ്ബാല്‍ കല്ലുങ്ങല്‍

മലപ്പുറം: കരിപ്പൂര്‍ വിമാന ദുരന്തം, കോവിഡ്മഹാമാരി, ശക്തമായ കാലവര്‍ഷം. അങ്ങിനെ ദുരിത പര്‍വം താണ്ടുകയാണ് മലപ്പുറം ജില്ല. വെള്ളിയാഴ്ച്ച രാത്രി 7.45ഓടെ പതിച്ച കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മലപ്പുറം ജില്ലക്ക് നഷ്ടമായത് അഞ്ച് വിലപ്പെട്ട ജീവനുകളാണ്. അപകടത്തില്‍ 18 പേരുടെ മരണമാണ് സ്ഥിരീകരിച്ചത്. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. മലബാര്‍ മാറോട് ചേര്‍ത്ത വിമാനത്താവളത്തില്‍ സംഭവിച്ച ദുരന്തത്തിന്റെ നടുക്കത്തിലാണ് ജില്ല. നാടണയാന്‍ കൊതിച്ച് വിമാനമില്ലാതെ യാത്രവൈകിയവരാണ് വന്ദേഭാരത് മിഷന്‍ വിമാന ദുരന്തത്തില്‍ പെട്ടത്.

1988 ഏപ്രില്‍ 18ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ ആദ്യ വിമാനമിറങ്ങിയശേഷം ആദ്യമായാണ് ഒരു വലിയ ദുരന്തം സംഭവിക്കുന്നത്. ടേബിള്‍ ടോപ്പ് വിമാനത്താവളത്തിനു എങ്ങിനെ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കാമെന്ന് കൂടി കാണിച്ചു തന്ന താവളമാണിത്. അന്തര്‍ ദേശീയ യാത്രക്കാരുടെ കണക്ക് എടുത്തു നോക്കുമ്പോള്‍ ഇന്ത്യയിലെ തിരക്കുള്ള ഏഴാമത്തെ വിമാനത്താവളവും, മൊത്തം യാത്രക്കാരുടെ കണക്കില്‍ ഇന്ത്യയിലെ തിരക്കുള്ള ഒന്‍പതാമത്തെ വിമാനത്താവളവുമാണ് കരിപ്പൂര്‍. 2006 ഫെബ്രുവരി 12നാണ് ഈ വിമാനത്താവളത്തിനു അന്താരാഷ്ട്രപദവി ലഭ്യമായത്. വിമാനം അപകടത്തില്‍ പെട്ടപ്പോള്‍ ജീവന്‍ പണയപ്പെടുത്തി രക്ഷാപ്രവര്‍ത്തനം നടത്തിയ നാട്ടുകാര്‍ തന്നെയാണ് ഈ സ്വപ്ന ചിറക് ഇവിടെ യാഥാര്‍ഥ്യമാക്കാന്‍ ഭൂമി വിട്ടു നല്‍കിയതും. പല തവണകളായി ഭൂമി നല്‍കിയാണവര്‍ വിമാനത്താവളത്തിനു കാവല്‍ നിന്നത്.

കഴിഞ്ഞ ദിവസം അവരുടെ മുന്നിലേക്ക് ഭീകരശബ്ദമായി വിമാനം രണ്ടായി പിളര്‍ന്ന് മൂക്കു കുത്തിയപ്പോള്‍ എല്ലാം മറന്ന് ഓടിയെത്തി യാത്രക്കാരെ വാരിയെടുത്തതും കാവല്‍ക്കാരായതും ഈ അയല്‍ക്കാര്‍ തന്നെയായിരുന്നു. നല്ല മനസ്സിന്റെ മകുടോദാഹരണമായി കൊണ്ടോട്ടി നിറഞ്ഞു നില്‍ക്കുമ്പോള്‍ ഒരു ദുരന്തം കണ്‍മുന്നില്‍ സംഭവിച്ചാല്‍ എങ്ങിനെ ഇടപെടുമെന്ന് കൂടി കാണിച്ചു തരികയായിരുന്നു. എയര്‍പ്പോര്‍ട്ട് വികസനത്തിനു നിരവധി തവണ ഭൂമി വിട്ടു നല്‍കിയവരാണിവര്‍, ദുരന്തത്തിന്റെ പേരില്‍ എയര്‍പ്പോര്‍ട്ടിന്റെ ഭാവി തകര്‍ക്കാന്‍ ചില കോണുകള്‍ നീക്കം തുടങ്ങിയതായി പരാതികളുണ്ട്. നേരത്തെയും ശ്രമങ്ങളുണ്ടായപ്പോള്‍ ശക്തമായി ചെറുത്തു തോല്‍പ്പിച്ചതാണ്. തോരാതെ പെയ്യുന്ന മഴയില്‍ റണ്‍വേ കാണാനാവാതെ വിമാനം താഴ്ച്ചയിലേക്ക് പതിച്ചതിന്റെ കാരണങ്ങള്‍ കണ്ടെത്താനുള്ള വഴികള്‍ തേടി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കോവിഡ് എന്ന മഹാമാരിയുടെ കൂടി പിടിയിലാണ് ജില്ല. സംസ്ഥാനത്ത് കൂടുതല്‍ രോഗബാധ സ്ഥിരീകരിക്കുന്നതില്‍ മലപ്പുറം മുന്നിലാണ്. ഇന്നലെ മാത്രം 114 പേര്‍ക്കാണ് കോവിഡ്് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഓരോ ദിവസവും നൂറിനു മുകളിലാണ് ജില്ലയിലെ പോസിറ്റീവ് കണക്ക്. കൂടുതല്‍ പോസിറ്റീവ് കേസുകള്‍ കൊണ്ടോട്ടിയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെയാണ് വിമാന ദുരന്തവുമെത്തിയത്. കൊണ്ടോട്ടിയുള്‍പ്പെടെ നിരവധി പ്രദേശങ്ങള്‍ കണ്ടെയിന്‍മെന്റ് സോണിലാണ്. കോവിഡും കാലവര്‍ഷവും വകവെക്കാതെയാണ് വിമാനത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്തിയതെന്നത് സുവര്‍ണ ചരിത്രമായി രേഖപ്പെടുത്തപ്പെട്ടു. ലോകമാകെ മലപ്പുറത്തിനെ അഭിനന്ദിക്കുകയാണ്. സോഷ്യല്‍മീഡിയയില്‍ ഇന്ന് മലപ്പുറത്തിന്റെ നല്ല മനസ്സിന് ബിഗ് സെല്യൂട്ടിന്റെ പ്രവാഹമാണ്.

മലപ്പുറം എന്നും പഠിപ്പിക്കുന്ന നന്‍മയുടെ പാഠമാണിത്. കോവിഡ് ബാധിച്ച് മരണമടയുന്നവരെ പരിചരിക്കുന്നതിലും മലപ്പുറം മാതൃക കാണിച്ചിട്ടുണ്ട്. കാലവര്‍ഷത്തിലും രക്ഷകരായി മലപ്പുറം നല്ല മനസ്സ് തീര്‍ക്കുന്നു. ജില്ലയിലെ പുഴകള്‍ നിറഞ്ഞു കവിയാന്‍ തുടങ്ങിയിട്ടുണ്ട്. കടല്‍ പ്രക്ഷുബ്ധമാണ്. നിരവധി വീടുകള്‍ തകര്‍ന്നിട്ടുണ്ട്. വെള്ളം കയറിയ മലയോര മേഖലയില്‍ നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. ദുരിതങ്ങളില്‍ മുങ്ങി നില്‍ക്കുമ്പോഴാണ് വിമാന ദുരന്തം അപ്രതീക്ഷിതമായി പതിച്ചത്. കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മാസം കവളപ്പാറയില്‍ ഉള്‍പ്പെടെ നിരവധി ജീവനുകള്‍ നഷ്ടപ്പെട്ട കാലവര്‍ഷ ദുരന്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചതിന്റെ ഓര്‍മദിനങ്ങള്‍ അയവിറക്കുന്നതിനിടെയാണ് മറ്റൊരു ഓഗസ്റ്റ് വിമാന ദുരന്തമായി പതിച്ചത്.

SHARE