തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ആറ് പേര് കൂടി കോവിഡ്-19 ബാധിച്ച് മരിച്ചു. കാസര്‍കോട്, കണ്ണൂര്‍, എറണാകുളം, ഇടുക്കി മലപ്പുറം ജില്ലകളിലാണ് ഞായറാഴ്ച കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. ആലുവ കീഴ്മാട് സ്വദേശിക്ക് പുറമേ മലപ്പുറത്ത് 11 മാസം പ്രായമുളള കുഞ്ഞ് ഉള്‍പ്പെടെ വിവിധ ജില്ലകളില്‍ ചികിത്സയില്‍ കഴിഞ്ഞ ആറ്പേര്‍ കോവിഡ് ബാധിച്ചാണ് മരിച്ചതെന്ന് വ്യക്തമാക്കുന്ന പരിശോധനാ ഫലം പുറത്തുവന്നു.
ശനിയാഴ്ച മലപ്പുറത്ത് പനി ബാധിച്ച് മരിച്ച 11 മാസം പ്രായമുള്ള കുഞ്ഞിനാണ് കോവിഡ് സ്ഥിരീകരിച്ചത്. മലപ്പുറം പുളിക്കല്‍ സ്വദേശി റമീസിന്റെ 11 മാസം പ്രായമുള്ള കുഞ്ഞ് ആസ്യ അമാനയാണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രിയോടെയായിരുന്നു മരണം. മരണ ശേഷം നടത്തിയ ആന്റിജന്‍ പരിശോധനയിലും പിസിആര്‍ പരിശോധനയിലും കുട്ടിക്ക് കോവിഡ് ബാധ സ്ഥിരീകരിക്കുകയായിരുന്നു.
ഇടുക്കി നെടുങ്കണ്ടം സ്വദേശിയായ ഏലിക്കുട്ടി ദേവസ്യ പനി ബാധിച്ച് ചികിത്സയിലിരിക്കെയാണ് മരിച്ചത്. മരണശേഷമാണ് ഇവര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്.
കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ കോവിഡ് ചികിത്സയിലായിരുന്ന കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി അസൈനാര്‍ ഹാജിയാണ് മരിച്ച മറ്റൊരാള്‍. 78 വയസായിരുന്നു. കടുത്ത ശ്വാസതടസത്തെ തുടര്‍ന്നാണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ അസൈനാര്‍ ഹാജിയെ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുന്‍പാണ് ഇയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചത്. കാസര്‍കോട് ഉപ്പള സ്വദേശി ഷെഹര്‍ബാനുവും മരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രികളില്‍ ചികിത്സയിലായിരുന്നു. ജൂലായ് 28 ന് ഇരുവര്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
കണ്ണൂരില്‍ ചക്കരയ്ക്കല്‍ സ്വദേശി സജിത്(41) കോവിഡ് ബാധിച്ച് മരിച്ചു. പനി ബാധിച്ച് ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ കോവിഡ് ബാധിച്ചെന്നാണ് സംശയം.
കളമശ്ശേരി മെഡിക്കല്‍ കോളേജാശുപത്രിയില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപിയാണ് മരിച്ച മറ്റൊരാള്‍. ലോട്ടറി വില്പനക്കാരനായ ഗോപിയുടെ രോഗ ഉറവിടം ഇതുവരെ കണ്ടെത്താന്‍ സാധിച്ചിട്ടില്ല.