പൊന്നാനിയില്‍ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും

മലപ്പുറം: മലപ്പുറത്ത് പൊന്നാനി താലൂക്കില്‍ ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്താന്‍ തീരുമാനം. കൊവിഡ് രോഗികളുടെ എണ്ണം ഉയരുന്നതും, ഉറവിടമറിയാത്ത കേസുകള്‍ ദിനം പ്രതി കൂടുതന്നതും കണക്കിലെടുത്താണ് തീരുമാനം. മലപ്പുറം ജില്ലയില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.

പൊന്നാനി താലൂക്ക് ആകെ കണ്ടെയ്ന്‍മെന്റ് സോണാക്കും. 9 പഞ്ചായത്തുകളും കണ്ടെയ്ന്‍മെന്റ് സോണാക്കാനാണ് ശുപാര്‍ശ. ജില്ലാ ഭരണകൂടമാണ് ശുപാര്‍ശ നല്‍കിയത്. താലൂക്കിലെ 1500 പേര്‍ക്ക് കൊവിഡ് പരിശോധന നടത്തും. ആവശ്യമെങ്കില്‍ പരിശോധന വ്യാപിപ്പിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രികളുടെയും സഹായം തേടാനാണ് തീരുമാനം.

സമൂഹ വ്യാപനമറിയുന്നതിനായി നടത്തിയ സെന്റിനല്‍ സര്‍വൈലന്‍സ് പരിശോധനയിലാണ് മലപ്പുറം എടപ്പാളില്‍ സ്വകാര്യ ആശുപത്രിയിലെ രണ്ട് ഡോക്ടര്‍മാര്‍ക്കും മൂന്നു നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചത്. ആശുപത്രിയിലെ രോഗികളടക്കം നിരവധി പേരുമായി സമ്പര്‍ക്കമുള്ളവരാണ് ആരോഗ്യ പ്രവര്‍ത്തകര്‍. ഈ ആശുപത്രിയിലേക്ക് രോഗികളും പൊതുജനങ്ങളും പ്രവേശിക്കുന്നത് നിരോധിച്ചിട്ടുണ്ട്. ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗികളുടെ സ്രവം പരിശോധനക്ക് അയച്ചു.

രോഗം സ്ഥിരീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ ജോലി ചെയ്തിരുന്ന രണ്ട് ആശുപത്രികളില്‍ നിന്നായി ഇരുപത്തി ഒന്നായിരം പേരുടെ സമ്പര്‍ക്ക പട്ടികയാണ് ആരോഗ്യ വകുപ്പിന് കിട്ടിയിട്ടുള്ളത്. ഈ സാഹചര്യത്തിലാണ് ഇന്ന് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ മന്ത്രി കെ ടി ജലീലിന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നത്.

SHARE