ദേശീയതലത്തില്‍ ഒന്നാം യു.പി.എ മാതൃകയിലുള്ള ഐക്യം അനിവാര്യം: കുഞ്ഞാലിക്കുട്ടി

തിരുവനന്തപുരം: ബി.ജെ.പി ഭരണത്തില്‍ നിന്ന് രാജ്യത്തെ മോചിപ്പിക്കാന്‍ ഒന്നാം യു.പി.എ സര്‍ക്കാര്‍ മാതൃകയിലുള്ള ഐക്യമാണ് വേണ്ടതെന്നും ഇക്കാര്യം ഡല്‍ഹിയില്‍ ചേര്‍ന്ന പ്രതിപക്ഷ കക്ഷികളുടെ യോഗത്തില്‍ താന്‍ മുന്നോട്ടുവെച്ചതായും മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി. സഖ്യവും സഹകരണവും രണ്ടാണ്. സഖ്യത്തിന്റെ സാധ്യതകള്‍ പരിശോധിക്കുന്നതിനൊപ്പം സഹകരണം ഉറപ്പാക്കാനാകണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

പ്രതിപക്ഷകക്ഷികളുടെ ആദ്യയോഗം ഇത്തരമൊരു സഹകരണ പ്രതീക്ഷയാണ് നല്‍കിയത്. കൂടുതല്‍ ചര്‍ച്ചകള്‍ വരുംദിവസങ്ങളില്‍ നടക്കും. ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഘടന മികച്ചതായിരുന്നു. ദേശീയതലത്തിലെങ്കിലും എന്‍.ഡി.എയുടെ ഭാഗമല്ലാത്ത കക്ഷികള്‍ യോജിക്കേണ്ട സമയമാണിത്. യോജിപ്പിന് വിഘാതമായ കാര്യങ്ങള്‍ ആരുടെയെങ്കിലും ഭാഗത്തുനിന്നുണ്ടായാല്‍ അത് നല്ല ലക്ഷണമല്ല. ദേശീയതലത്തിലെ ഐക്യത്തിന് മധ്യസ്ഥത വഹിക്കാനുള്ള ശേഷിയൊന്നും തനിക്കില്ല. എന്നാല്‍ മുസ്‌ലിം ലീഗിന് ഇക്കാര്യത്തില്‍ കൃത്യമായ പങ്ക് വഹിക്കാനുണ്ട്. അത് വ്യക്തമായി തന്നെ രേഖപ്പെടുത്തും. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സംബന്ധിച്ച് പ്രാഥമിക ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ മുന്നോട്ടുവെക്കുന്ന ഘട്ടത്തിലേക്ക് നീങ്ങുകയാണ്.
കേരളത്തിലാണ് സി.പി.എമ്മിന് കോണ്‍ഗ്രസുമായി യോജിക്കാനാകാത്തത്. രാജ്യത്തൊട്ടാകെ ബി.ജെ.പി വിരുദ്ധ നീക്കത്തിന് കോണ്‍ഗ്രസ് തന്നെയാണ് നേതൃത്വം നല്‍കുന്നത്. അതുകൊണ്ടുതന്നെ ദേശീയ രാഷ്ട്രീയവും സംസ്ഥാന രാഷ്ട്രീയവും രണ്ടായി കണ്ടുകൊണ്ട് ഒന്നാം യു.പി.എ സര്‍ക്കാരിന്റെ ഘടനയില്‍ ഒരു സംവിധാനം ഉണ്ടാകേണ്ടതുണ്ട്. ഒന്നാം യു.പി.എ സര്‍ക്കാരില്‍ സഖ്യമുണ്ടായിരുന്നില്ല. ദേശീയ രാഷ്ട്രീയവും വിവിധ സംസ്ഥാനങ്ങളിലെ സാഹചര്യങ്ങളും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. എന്നാല്‍ രാജ്യത്തിന്റെ പൊതുവായ വിഷയത്തില്‍ അതെല്ലാം മാറ്റിവെച്ച് ഐക്യത്തിന്റെ പുതിയ മേഖലകള്‍ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നരേന്ദ്രമോദി സര്‍ക്കാര്‍ മൂന്നുകൊല്ലം പൂര്‍ത്തിയാക്കുമ്പോള്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ അപകടകരമായ രീതിയിലേക്കാണ് പോകുന്നത്. രാജ്യമാകെ കര്‍ഷക സമരങ്ങള്‍ വ്യാപകമാവുന്നു. ഇതിന് രാഷ്ട്രീയത്തിന് അപ്പുറം വലിയ മാനങ്ങളുണ്ട്. വഴിമുട്ടിയാല്‍ ജനം പ്രതികരിക്കുമെന്നതിന് തെളിവാണ് കര്‍ഷക സമരങ്ങളുടെ ശക്തി. ഇന്ത്യ പോലൊരു രാജ്യത്ത് ജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്ക് പിടിച്ചുനില്‍ക്കാനാവില്ല. അടുത്ത രണ്ടുവര്‍ഷങ്ങള്‍ കര്‍ഷക സമരങ്ങളും തൊഴില്‍ പ്രശ്‌നങ്ങളും രൂക്ഷമാകാനാണ് സാധ്യത. നോട്ട് നിരോധനത്തിന് ശേഷമുള്ള സാമ്പത്തിക സ്ഥിതി വന്‍ തകര്‍ച്ചയിലേക്കാണ് രാജ്യത്തെ നയിച്ചത്. ഐ.ടി മേഖലയിലടക്കം തൊഴിലവസരങ്ങള്‍ കുറഞ്ഞു. ട്രംപിന്റെയും മോദിയുടെയും പരിഷ്‌കാരങ്ങള്‍ ഏറെക്കുറെ സമാനമാണ്. ജനത്തെ ബുദ്ധിമുട്ടിച്ചുകൊണ്ടുള്ള പരിഷ്‌കാരങ്ങള്‍ക്ക് ഒരിക്കലും നിലനില്‍പ്പുണ്ടാകില്ല. യു.പി.എ സര്‍ക്കാരിന്റെ കാലത്ത് തൊഴിലുറപ്പ് പോലുള്ള പദ്ധതികളിലൂടെയും മറ്റും രാജ്യത്തെ സാധാരണ ജനങ്ങള്‍ പിടിച്ചുനിന്നു. ഇപ്പോഴാകട്ടെ ആഫ്രിക്കന്‍ രാജ്യങ്ങളിലേതുപോലെ പട്ടിണിയും ദാരിദ്ര്യവും ഇന്ത്യയെ തുറിച്ചുനോക്കുകയാണ്. ഖത്തര്‍ പ്രശ്‌നത്തില്‍ കേന്ദ്രസര്‍ക്കാരിന്റെ നയം ശരിയാണ്. പ്രശ്‌നം രമ്യമായി പരിഹരിക്കാനാകട്ടെയെന്ന് പ്രത്യാശിക്കുന്നതായും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

SHARE