മലപ്പുറത്ത് മുസ്‌ലിംലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു

പാണക്കാട്: മലപ്പുറം ഉപതെരഞ്ഞെടുപ്പിലെ മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥിയായി പി.കെ കുഞ്ഞാലിക്കുട്ടിയെ പ്രഖ്യാപിച്ചു. ലീഗ് സംസ്ഥാന അധ്യക്ഷന്‍ ഹൈദരലി ശിഹാബ് തങ്ങളാണ് പ്രഖ്യാപനം നടത്തിയത്. ഇ അഹമ്മദിന്റെ നിര്യാണത്തിന് ശേഷമാണ് മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. ഈ മാസം 20ന് നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിക്കും. ദേശീയ രാഷ്ട്രീയത്തിലേക്ക് കടന്നുചെല്ലുമ്പോഴും കുഞ്ഞാലിക്കുട്ടി  യു.ഡി.എഫില്‍ തുടരുമെന്നും ഹൈദരലി ശിഹാബ് തങ്ങള്‍ അറിയിച്ചു.

മുസ്‌ലിംലീഗ് യോഗത്തിന് ശേഷമാണ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം നടന്നത്. ദേശീയരാഷ്ട്രീയത്തിലേക്ക് പ്രവേശിച്ചാലും കേരളത്തിലെ യുഡിഎഫിലെ മുന്‍നിരയിലുണ്ടാകുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.

ഏപ്രില്‍ 12 നാണ് മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്. മാര്‍ച്ച് 24 നാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി. സൂക്ഷ്മ പരിശോധന 27 ന് നടക്കും. പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാനതീയതി മാര്‍ച്ച് 29 ആണ്. ഏപ്രില്‍ 27 നാണ് വോട്ടെണ്ണല്‍.

SHARE