കൊണ്ടോട്ടി, മലപ്പുറം മേഖലകളില്‍ കൂടുതല്‍ അടിയന്തര ടെസ്റ്റുകള്‍ക്ക് സൗകര്യമൊരുക്കണം: പികെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: കൊണ്ടോട്ടി, മലപ്പുറം മേഖലയില്‍ കൂടുതല്‍ കോവിഡ് പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ പരിശോധനകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എംപി. ഇതു സംബന്ധിച്ച് അടിയന്തരമായി നടപടി കൈക്കൊള്ളണമെന്ന് ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ എന്നിവരോട് ആവശ്യപ്പെട്ടു.

കൊണ്ടോട്ടിയിലും മലപ്പുറത്തും മത്സ്യമാര്‍ക്കറ്റുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ച നിരവധി തൊഴിലാളികളെയാണ് കഴിഞ്ഞ ദിവസം പരിശോധനക്ക് വിധേയമാക്കിയത്. എന്നാല്‍ അതില്‍ പലര്‍ക്കും വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊണ്ടോട്ടിയിലാണ് അതീവഗുരുതരം. ഇത്തരത്തില്‍ മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രവര്‍ത്തിച്ച നിരവധി പേരെ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ട്. ടെസ്റ്റുകള്‍ വേഗത്തില്‍ പൂര്‍ത്തീകരിച്ചില്ലെങ്കില്‍ രോഗം വ്യാപിക്കാന്‍ കാരണമാവും. ഈ സാഹചര്യത്തില്‍ അടിയന്തരമായി കൂടുതല്‍ ആന്റിജന്‍ ടെസ്റ്റിനുള്ള സൗകര്യം ഏര്‍പ്പെടുത്തി ജനങ്ങളുടെ ആശങ്ക അകറ്റണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.