ഫൈസല്‍ വധം: മുഖ്യ സൂത്രധാരനായ ആര്‍.എസ്.എസ് നേതാവ് അറസ്റ്റില്‍

തിരൂരങ്ങാടി: കൊടിഞ്ഞി ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതി മഠത്തില്‍ നാരായണന്‍ പൊലീസ് പിടിയില്‍. ആര്‍.എസ്.എസ് സംസ്ഥാന നേതാവും ഫൈസലിനെ വധിക്കുന്നതിലെ മുഖ്യ സൂത്രധാരനും തിരൂര്‍ തൃക്കണ്ടിയൂര്‍ സ്വദേശിയുമായ മഠത്തില്‍ നാരായണന്‍(47) ഇന്നലെ വൈകുന്നേരം 4.45ഓടെ മഞ്ചേരി സി.ഐ ഓഫീസില്‍ കീഴടങ്ങുകയായിരുന്നു.

ഫൈസലിനെ വധിക്കുന്നതിന് സംഘത്തെ ഏല്‍പ്പിച്ചത് ഇയാളാണെന്നാണ് വിവരം. ഫൈസല്‍ വധക്കേസിലെ ഒന്നാം പ്രതിയാണ് നാരായണന്‍. തിരൂരില്‍ കൊല്ലപ്പെട്ട യാസര്‍ വധക്കേസില്‍ രണ്ടാം പ്രതിയായിരുന്നെങ്കിലും കോടതി വെറുതെ വിട്ടിരുന്നു. ഏറെക്കാലം ആര്‍.എസ്.എസ് തിരൂര്‍ താലൂക്ക് കാര്യവാഹകായിരുന്നു നാരായണന്‍. നാഗ്പൂരില്‍ നിന്നും ട്രെയിനിങ് നേടിയ ശേഷമാണ് അക്രമത്തിനിറങ്ങിയത്. ബി.ജെ.പി- ആര്‍.എസ്.എസ് നേതാക്കളുമായി അടുത്ത ബന്ധവും നാരായണനുണ്ട്. കേസിലെ എല്ലാ പ്രതികളും പിടിയിലാകുകയും രാഷ്ട്രീയ ഇടപെടലുകള്‍ക്ക് അന്വേഷണ സംഘം വഴങ്ങാതിരിക്കുകയും ചെയ്തതോടെയാണ് നാരായണന്‍ കീഴടങ്ങിയത്.

മേലേപ്പുറം വിദ്യാനികേതന്‍ സ്‌കൂളില്‍ നടന്ന ഗൂഢാലോചനാ യോഗത്തിലെ തീരുമാനമനുസരിച്ച് പുളിക്കല്‍ ഹരിദാസനും ജയപ്രകാശനും മഠത്തില്‍ നാരായണനെ ചെന്ന് കാണുകയായിരുന്നു. ഇതോടെ വിഷയം നാരായണന്‍ ഏറ്റെടുക്കുകയും ഫൈസലിനെ കാണുന്നതിന് കൊടിഞ്ഞിയിലെത്തുകയും ചെയ്തു. പിന്നീട് കൊലപ്പെടുത്തുന്നതിന് ബിബിനെ ഏല്‍പ്പിച്ചു. അതിന് ശേഷം ബിബിനും നാരയണനും കൂടി വീണ്ടും കൊടിഞ്ഞിയിലെത്തി. ഫൈസലിന്റെ വാടക ക്വാര്‍ട്ടേഴ്‌സും ഓട്ടോയും മറ്റും മനസ്സിലാക്കി മടങ്ങി.

നവംബര്‍ 19-ന് രാത്രി തിരൂരിലെ സംഘ്മന്ദിരില്‍ കൊലയാളി സംഘത്തോടൊപ്പം തങ്ങി. പുലര്‍ച്ചെ ഇവരെ ഉണര്‍ത്തി വിട്ടത് നാരായണനായിരുന്നു. കൃത്യം നിര്‍വഹിച്ച് മടങ്ങിയെത്തിയ സംഘത്തിന് ഭക്ഷണവും മറ്റും നല്‍കി ഒളിവില്‍ പോകാന്‍ നിര്‍ദേശിച്ച ശേഷം നാരായണനും ഒളിവില്‍ പോയി. തിരൂരിലെ സമ്പന്ന തറവാടില്‍ ജനിച്ച നാരായണനെ അക്രമ സ്വഭാവത്താലും മറ്റും നേരത്തെ വീട്ടില്‍ നിന്ന് പുറത്താക്കിയിരുന്നു. കുടുംബവുമായി യാതൊരു ബന്ധവും പുലര്‍ത്താതെ തിരൂരിലെ സംഘ് മന്ദിരിലായിരുന്നു താമസം.