‘മലപ്പുറം ജില്ലാ ബാങ്ക് ലയന ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവക്കരുത്’; കത്തയച്ച് ചെന്നിത്തല

തിരുവനന്തപുരം: മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ ബലമായി കേരള ബാങ്കില്‍ ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടരുതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇതുസംബന്ധിച്ച് ഗവര്‍ണര്‍ക്ക് ചെന്നിത്തല കത്ത് നല്‍കി. ഈ ഓര്‍ഡിനന്‍സ് സഹകരണ ജനാധിപത്യ തത്വങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ചെന്നിത്തല കത്തില്‍ പറഞ്ഞു. മലപ്പുറം ജില്ലാ ബാങ്കില്‍ തിരഞ്ഞെടുപ്പ് നടത്തി ജനകീയ ഭരണസമിതിയെ ഭരണം ഏല്‍പ്പിക്കണമെന്നതാണ് ഹൈക്കോടതി ഉത്തരവ്. എന്നാല്‍ ഹൈക്കോടതി ഉത്തരവിട്ട് 24 മണിക്കൂര്‍ കഴിയുന്നതിന് മുമ്പ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭ തീരുമാനിച്ചത് കോടതി വിധിയെ അട്ടിമറിക്കുന്നതാണെന്നും ചെന്നിത്തല ആരോപിച്ചു.

‘നിലവിലുള്ള കേരള സഹകരണ ആക്ടിലെ സെക്ഷന്‍ 14 അനുസരിച്ച് ജനറല്‍ ബോഡി പ്രമേയം പാസ്സാക്കിയാല്‍ മാത്രമേ ഒരു സഹകരണ ബാങ്കിനെ മറ്റൊന്നില്‍ ലയിപ്പിക്കാനാവൂ. നേരത്തെ പ്രമേയം പാസ്സാക്കുന്നതിന് മൂന്നില്‍ രണ്ട് ഭൂരിപക്ഷം വേണമെന്നായിരുന്നു നിബന്ധന. അങ്ങനെ മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ പ്രമേയം പാസ്സാക്കാന്‍ കഴിയാതെ വന്നപ്പോഴാണ് കേവല ഭൂരിപക്ഷം മതിയെന്ന് ഓര്‍ഡിന്‍സിറക്കി സംസ്ഥാനത്തെ 13 ജില്ലാ ബാങ്കുകളെക്കൊണ്ടും പ്രമേയം പാസ്സാക്കിച്ച് കേരള ബാങ്ക് രൂപീകരിച്ചത്. മലപ്പുറം ജില്ലാ ബാങ്ക് മാത്രം ഇതിനെതിരെ പൊരുതി നിന്നു. രണ്ടു തവണ പ്രമേയം മലപ്പുറം ജില്ലാ ബാങ്ക് ജനറല്‍ ബോഡി തള്ളിക്കളഞ്ഞു. അപ്പോഴാണ് മലപ്പുറം ജില്ലാ ബാങ്കിനെ രജിസ്ട്രാര്‍ വഴി ബലമായി ലയിപ്പിക്കുന്നതിനുള്ള ഓര്‍ഡിന്‍സിന് മന്ത്രിസഭ അംഗീകാരം നല്‍കി ഗവര്‍ണര്‍ക്ക് അയച്ചിരിക്കുന്നത്’. ഇത് ജനാധിപത്യ വിരുദ്ധമാണെന്നും ചെന്നിത്തല പറഞ്ഞു.

SHARE