മലപ്പുറത്ത് ആദ്യം കോവിഡ് സ്ഥിരീകരിച്ച സ്ത്രീക്ക് രോഗമുക്തി; ആശുപത്രി വിട്ടു, ആപ്പിള്‍ വിതരണം


മലപ്പുറം: ജില്ലയില്‍ ആദ്യം കോവിഡ് സ്ഥിരീകരിച്ച വാണിയമ്പലം സ്വദേശി ആശുപത്രി വിട്ടു. മഞ്ചേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷമാണ് ഇവര്‍ രോഗമുക്തയായത്. ഉംറ കഴിഞ്ഞ് തിരിച്ചെത്തിയ ഇവര്‍ക്ക് മാര്‍ച്ച് 16നാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.

കഴിഞ്ഞ ദിവസം നടത്തിയ ഇവരുടെ പരിശോധന ഫലം നെഗറ്റീവ് ആയിരുന്നു. എം ഉമ്മര്‍ എംഎല്‍എ, മെഡിക്കല്‍ കോളജ് സൂപ്രണ്ട് നന്ദകുമാര്‍, ആര്‍എഒയും ആരോഗ്യ പ്രവര്‍ത്തനകരും ചികിത്സ നടത്തിയിരുന്ന ഡോക്ടര്‍മാരും നഴ്സ്മാരും എല്ലാവരും ചേര്‍ന്ന് ഇവര്‍ക്ക് യാത്രയയപ്പ് നല്‍കി. സന്തോഷ സൂചകമായി ആപ്പിള്‍ വിതരണവും നടത്തി. പ്രത്യേക ആംബുലന്‍സിലാണ് ഇവരെ വീട്ടിലേക്ക് അയച്ചത്.

അതേസമയം, സാമൂഹ വ്യാപന ആശങ്ക പരത്തുന്ന മലപ്പുറം കീഴാറ്റൂരില്‍ 300 പേരെ നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. ഇതില്‍ 65 പേരുടെ സാമ്പിള്‍ പരിശോധനക്കയച്ചു. ഉംറ കഴിഞ്ഞെത്തിയ വ്യക്തിയുമായി നേരിട്ട് ഇടപഴകിയവരാണിവര്‍.