മുംബൈ: കോവിഡ് മഹാമാരിയില്‍ ആശുപത്രിയിലേക്ക് ഓക്സിജന്‍ സിലിണ്ടര്‍ വാങ്ങാന്‍ സ്വന്തം എസ്.യു.വി വിറ്റ് യുവാവ്. മലഡ് സ്വദേശിയായ 31കാരന് ഷാനവാസ് ശൈഖാണ് തന്റെ ഫോര്‍ഡ് എന്‍ഡീവര്‍ കാരുണ്യ പ്രവര്‍ത്തനത്തിനായി വിറ്റത്. 2011 മുതല്‍ ഒമ്പതു വര്‍ഷമായി ഉപയോഗിച്ചു വരുന്ന കാറാണ് ഷാനവാസ് വില്ക്കാന് തീരുമാനിച്ചത്.
ജൂണ്‍ അഞ്ചു മുതല്‍ കോവിഡ് രോഗികള്‍ക്ക് ഷാനവാസ് ഓക്സിജന്‍ സിലിണ്ടറുകള്‍ നല്കി വരുന്നുണ്ട്. ഇതുവരെ 250 പേര്‍ക്കാണ് ഇയാളുടെ സഹായം കിട്ടിയത്. ഇതുമാത്രമല്ല, കാര്‍ സ്വന്തമായിരുന്ന കാലത്ത് അയല്‍വാസികള്‍ ആംബുലന്‍സായി ഉപയോഗിച്ചിരുന്നത് ഷാനവാസിന്റെ വാഹനമാണ്.
മെയ് 28ന് വ്യാപാര പങ്കാളിയുടെ സഹോദരി കോവിഡ് ബാധിച്ചു മരിച്ചതാണ് ഷാനവാസിന്റെ ജീവിതത്തെ മാറ്റി മറിച്ചത്. ഓട്ടോറിക്ഷയില്‍ ആശുപത്രിയിലേക്ക് പോകും വഴിയാണ് ആറു മാസം ഗര്‍ഭിണിയായിരുന്ന യുവതി മരണത്തിന് കീഴടങ്ങിയത്. ആവശ്യമായ ഓക്സിജന്‍ സിലിണ്ടര്‍ ഇല്ലാത്തതു മൂലം അഞ്ച് ആശുപത്രിയില്‍ നിന്നാണ് യുവതിയെ തിരിച്ചയച്ചത്. ഇതാണ് മറ്റു രോഗികള്‍ക്ക് അടിയന്തര സഹായം എത്തിക്കാനായി തന്റെ പ്രിയപ്പെട്ട വാഹനം വില്ക്കാന് യുവാവിനെ പ്രേരിപ്പിച്ചത്.

‘ഒരാളുടെ ജീവിതം രക്ഷിക്കാന്‍ ഒരു കാര്‍ ഉപേക്ഷിക്കുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമല്ല. ഏതെങ്കിലും ഒരു കുടുംബത്തിന്റെ അനുഗ്രഹമുണ്ട് എങ്കില്‍ അത്തരത്തില്‍ നാലു കാറുകള്‍ പിന്നീട് എനിക്കു വാങ്ങാനാകും. ആശുപത്രിയില്‍ പോകാന്‍ പോലും വാഹനം കിട്ടാത്ത നിരവധി പേര് ഇവിടെയുള്ള ചേരികൡ ഉണ്ട്. നേരത്തെ, ഞാന്‍ ആശുപത്രിയില്‍ കൊണ്ടു പോയ ഒരുപാട് രോഗികള്‍ക്ക് കോവിഡ് പോസിറ്റീവ് ആയിട്ടുണ്ട്’ – ഷാനവാസ് പറയുന്നു. കെയര്‍ ആശുപത്രിയിലെ ഡോ. സബാഹുദ്ദീന് ശൈഖുമായി ചേര്‍ന്നാണ് ഷാനവാസിന്റെ കാരുണ്യ പ്രവര്‍ത്തനം.