
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്തു. 2020ല്‍ തെരഞ്ഞെടുപ്പ് നടത്താനിരിക്കെ ജനപ്രതിനിധിസഭയില്‍ നടന്ന നിര്‍ണായക വോട്ടെടുപ്പ് ട്രംപിന് തിരിച്ചടിയായി. ഡെമോക്രാറ്റിക് നേതാവ് ജോ ബൈഡനും മകന് ഹണ്ടര്‍ ബൈഡനുംനേരെ കേസുകള്‍ കുത്തിപ്പൊക്കാന്‍ യുെ്രെകന് സര്‍ക്കാരിനുമേല്‍ സമ്മര്‍ദം ചെലുത്തിയെന്ന കുറ്റവും, അധികാരദുര്‍വിനിയോഗം നടത്തിയ ട്രംപ് ഭരണഘടനാ നടപടികളോട് സഹകരിക്കാതെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്ന കുറ്റങ്ങള്ക്കുന്മേലാണ് ട്രംപിനുനേരെ ഇംപീച്ച്മെന്റ് നടപടി.
നേരത്തേ ഹൗസ് ജുഡീഷ്യറി സമിതിയും ഇംപീച്ച്മെന്റ് നടപടി അംഗീകരിച്ചിരുന്നു. അധികാരദുര്‍വിനിയോഗം നടത്തി, ഇംപീച്ച്മെന്റ് നടപടികളോട് സഹകരിക്കാതെ പ്രവര്‍ത്തനത്തിന് തടസ്സമുണ്ടാക്കി എന്നീ കുറ്റങ്ങള്‍ ജുഡീഷ്യറി സമിതി അംഗീകരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് പ്രതിനിധിസഭയില്‍ സംവാദവും വോട്ടെടുപ്പും നടന്നത്. ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷമുള്ള ജനപ്രതിനിധി സഭയില്‍ പ്രമേയത്തെ അനുകൂലിച്ച് 230 പേര് വോട്ട് ചെയ്തു. 197 പേര് എതിര്‍ത്തു. 435 അംഗ സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസാവാന്‍ 216 പേരുടെ പിന്തുണ മതി.
അമേരിക്കന്‍ ജനപ്രതിനിധിസഭ ഇംപീച്ച് ചെയ്ത സാഹചര്യത്തില്‍ അടുത്തമാസം ട്രംപ് സെനറ്റിന്റെ വിചാരണ നേരിടണം. എന്നാല്‍, സെനറ്റില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കാണ് ഭൂരിപക്ഷമെന്നത് ട്രംപിനെ സംബന്ധിച്ചെടുത്തോളം നിര്‍ണായകമാവും. യു.എസിന്റെ ചരിത്രത്തില്‍ ഇംപീച്ച്മെന്റ് നടപടി നേരിടുന്ന മൂന്നാം പ്രസിഡന്റാണ് ട്രംപ്. 100 അംഗ സെനറ്റില്‍ പ്രമേയം പാസാവാന്‍ 67 പേരുടെ പിന്തുണവേണം.
അതേസമയം ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്മെന്റിനെ അനുകൂലിച്ച് അമേരിക്കയിലെ ഭൂരിപക്ഷം ആളുകളും നേരത്തെ രംഗത്തെത്തിയിരുന്നു. യുഎസിലെ ടിവി ചാനലായ പിബിഎസ് ഹവര്‍ നടത്തിയ സര്‍വേയിലാണ് 52 ശതമാനം ആളുകളും ഡെമോക്രാറ്റുകള്‍ നടത്തുന്ന ഇംപീച്ച്മെന്റ് അന്വേഷണത്തോട് അനുകൂലിച്ചത്. എന്നാല്‍ 43 ശതമാനം ആളുകള്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ച് രംഗത്തുള്ളത്. സര്‍വേയില്‍ പങ്കെടുക്കു പകുതി ആളുകളും ട്രംപിനെ വൈറ്റ്ഹൗസില്‍ നിന്നും പുറത്താക്കണം എന്നുവരെ ആവശ്യപ്പെട്ടു.
അതേസമയം, ഇംപീച്ച് ചെയ്യാനുള്ള നീക്കം അനീതിയാണെന്നും താൻ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും ട്രംപ് ബുധനാഴ്ചയും ആവർത്തിച്ചു. യു.എസിന്റെ ജനാധിപത്യത്തോട് ഡെമോക്രാറ്റുകൾ തുറന്ന യുദ്ധം പ്രഖ്യാപിച്ചിരിക്കയാണെന്ന് വോട്ടെടുപ്പിന് തൊട്ടുമുമ്പ് പ്രതിനിധിസഭാ സ്പീക്കറും ഡെമോക്രാറ്റിക് അംഗവുമായ നാൻസി പെലോസിക്കെഴുതിയ ആറുപേജുള്ള കത്തിൽ ട്രംപ് ആരോപിച്ചു. തനിക്കെതിരെ ഇംപീച്ച്മെന്റ് നടപടികളുമായി മുന്നോട്ട് പോവുന്ന ഡെമോക്രാറ്റുകളേയും അന്വേഷണത്തിന് നേതൃത്വം നല്കുന്നവരേയും രാജ്യദ്രോഹികള്‍ എന്ന് അധിക്ഷേപിച്ചായിരുന്നു അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ ആദ്യ പ്രതികരണം. തനിക്കെതിരായ അന്വേഷണം രാജ്യദ്രോഹമാണ്, തെളിവുകളെല്ലാം കെട്ടിച്ചമച്ചതാണ്. അധികാര ദുര്‍വിനിയോഗം അന്വേഷിക്കുന്ന യു.എസ് കോണ്‍ഗ്രസിന്റെ ഇന്റലിജന്‍സ് കമ്മിറ്റി ചെയര്മാന് ആദം ഷിഫ് രാജ്യദ്രോഹിയാണോ എന്ന് പരിശോധിക്കണം. ഷിഫ് എത്രയും പെട്ടന്ന് രാജി വയ്ക്കണണമെന്നും അന്വേഷണത്തിന്റെ തുടക്കത്തില്‍ ട്രംപ് ആവശ്യപ്പെട്ടിരുന്നു.
ഇംപീച്ച്മെന്റിൽ പ്രതിനിധിസഭയിൽ സംവാദവും വോട്ടെടുപ്പും നടക്കുമ്പോൾ മിഷിഗണിലെ ബാറ്റിൽ ക്രീക്കിലാണ് ട്രംപ്. അവിടെ വൈസ് പ്രസിഡന്റ് മൈക്ക് പെൻസിനൊപ്പം ക്രിസ്മസ് റാലിയിൽ പങ്കെടുക്കുകയാണ്.