പൗരത്വത്തിനു വേണ്ടി 70 വര്‍ഷം മുമ്പുള്ള രേഖകള്‍ പരിശോധിക്കാം; കോവിഡ് പരിശോധന നടത്താന്‍ പറ്റില്ല- മോദി സര്‍ക്കാറിനെതിരെ മഹുവ മൊയ്ത്ര

കൊല്‍ക്കത്ത: കോവിഡ് പരിശോധനയില്‍ കേന്ദ്രസര്‍ക്കാറിന്റെ മെല്ലെപ്പോക്കിനെ ചോദ്യം ചെയ്ത് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. പൗരത്വത്തിനായി എഴുപത് വര്‍ഷം മുമ്പുള്ള രേഖകള്‍ പരിശോധിക്കുന്ന ഒരു സര്‍ക്കാറാണ് എല്ലാവര്‍ക്കും കോവിഡ് പരിശോധന നടത്താന്‍ പറ്റില്ലെന്ന് പറയുന്നത് എന്ന് അവര്‍ കുറ്റപ്പെടുത്തി.

‘എന്‍.ആര്‍.സി/എന്‍.പി.ആറിന് വേണ്ടി ഓരോ ഇന്ത്യക്കാരന്റെയും 70 വര്‍ഷത്തോളം പഴക്കമുള്ള രേഖകളില്‍ പരിശോധന നടത്താന്‍ പറ്റുന്ന കേന്ദ്രസര്‍ക്കാറിന് 130 കോടി ജനങ്ങളുടെ കോവിഡ് ടെസ്റ്റ് അസാധ്യമെന്ന് പറയുന്നു’ എന്നാണ് മൊയ്ത്രയുടെ ട്വീറ്റ്.

കോവിഡ് ലോക്ക്ഡൗണിന് ശേഷവും ഓരോ ദിവസവും പോസിറ്റീവ് കേസുകള്‍ പൂര്‍വ്വാധികം ശക്തിയോടെ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് മൊയ്ത്ര കേന്ദ്രസര്‍ക്കാറിനെതിരെ രംഗത്തു വന്നത്. മറ്റു രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യയിലെ കോവിഡ് ടെസ്റ്റുകള്‍ കുറവാണെന്ന വിമര്‍ശം വ്യാപകമാണ്.

SHARE