മുസ്‌ലിങ്ങള്‍ ഉള്ളതുകൊണ്ടാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത് അല്ലെങ്കില്‍ ബ്രാഹ്മണനും ശൂദ്രനുമായിരിക്കും: മഹുവ മൊയ്ത്ര

ന്യൂഡല്‍ഹി: പൗരത്വനിയമത്തിലൂടെ രാജ്യത്തെ മതത്തിന്റെ പേരില്‍ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുന്ന യഥാര്‍ത്ഥ അജണ്ട തുറന്നുകാട്ടി തൃണമൂല്‍ കോണ്‍ഗ്രസ് എം.പി മഹുവ മൊയ്ത്ര. ‘ഈ രാജ്യത്ത് മുസ്‌ലിങ്ങള്‍ ഉള്ളതുകൊണ്ട് മാത്രമാണ് നിങ്ങള്‍ ഹിന്ദുവായിരിക്കുന്നത്. ഒരിക്കല്‍ അവര്‍ പോയിക്കഴിഞ്ഞാല്‍ നിങ്ങള്‍ ഹിന്ദുവായിരിക്കില്ല. ബ്രാഹ്മണനും ക്ഷത്രിയനും വൈശ്യരും ശൂദ്രരും ദളിതരും തൊട്ടുകൂടാത്തവരും ആയിരിക്കും’- മഹുവ മൊയ്ത്ര ട്വീറ്റ് ചെയ്തു.

പാര്‍ലമെന്റിന് അകത്തും പുറത്തും സംഘപരിവാറിനെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്ന വ്യക്തിയാണ് മഹുവ മൊയ്ത്ര. നേരത്തെ, ഡല്‍ഹി കത്തുമ്പോള്‍ സര്‍ക്കാര്‍ നോക്കി നില്‍ക്കുകയാണ് എന്ന് അവര്‍ ആരോപിച്ചിരുന്നു. ഇത് നാണക്കേടാണെന്നും ഇതില്‍ നിന്ന് മോദിക്കും അമിത് ഷാക്കും ഒളിച്ചോടാനാകില്ല എന്നും അവര്‍ പറഞ്ഞിരുന്നു.

വിദ്വേഷ പ്രസ്താവന നടത്തിയ ബി.ജെ.പി നേതാക്കള്‍ക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിയെയും അവര്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഒരുപാട് പേര്‍ മരിച്ചു വീണിട്ടും എന്തുകൊണ്ടാണ് ബി.ജെ.പി നേതാക്കള്‍ക്കെതിരെ കൊലപാതകത്തിനും രാജ്യദ്രോഹക്കുറ്റത്തിനും കേസെടുക്കാത്തത് എന്നായിരുന്നു അവരുടെ ചോദ്യം.

SHARE