അമിത് ഷാ പണം കൊടുത്തുവാങ്ങിയ എം.എല്‍.എമാരുടെ ലിസ്റ്റ് പുറത്തുവിട്ട് മഹിളാ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളില്‍ ജനവിധിയെ അട്ടിമറിച്ച് അമിത് ഷായുടെ നേതൃത്വത്തില്‍ ബി.ജെ.പി നടത്തുന്ന രാഷ്ട്രീയ കുതിരക്കച്ചവടത്തെ പരിഹസിച്ച് മഹിളാ കോണ്‍ഗ്രസ്. ‘അഖണ്ഡഭാരതം എന്ന് പറഞ്ഞപ്പോള്‍ അവരുദ്ദേശിച്ച് ജനങ്ങള്‍ വോട്ട് ചെയ്യാത്ത സ്ഥലങ്ങളില്‍ എം.എല്‍.എമാരെ പണം കൊടുത്ത് വാങ്ങുന്ന ഏര്‍പ്പാടാണെന്ന് മനസിലായില്ലായിരുന്നു’- മഹിളാ കോണ്‍ഗ്രസിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഈ ട്വീറ്റ്.

അതിനിടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ബി.ജെ.പി നടത്തിയ നീക്കം പാളി. ഗുരുഗ്രാമിലെ റിസോര്‍ട്ടിലെത്തിച്ച എട്ട് എം.എല്‍.എമാരില്‍ ആറ് കോണ്‍ഗ്രസ് എം.എല്‍.എമാര്‍ ബുധനാഴ്ച ഭോപ്പാലില്‍ തിരിച്ചെത്തി. ഇവരെ നേരെ മുഖ്യമന്ത്രിയുടെ വസതയിലെത്തിച്ചു. മുന്‍ മുഖ്യമന്ത്രി ദിഗ്‌വിജയ് സിങ് നേരിട്ടിറങ്ങിയാണ് എം.എല്‍.എമാരെ തിരിച്ചെത്തിച്ചത്.

ഗുരുഗ്രാമിലെ പഞ്ചനക്ഷത്ര ഹോട്ടലായ മനേസറില്‍ നാടകീയസംഭവങ്ങളാണ് അര്‍ധരാത്രി അരങ്ങേറിയത്. ദിഗ്‌വിജയ് സിങ്ങും മകനും മന്ത്രിയുമായ ജയ്വര്‍ധന്‍ സിങ്ങും നേരിട്ടിറങ്ങിയാണ് എം.എല്‍.എമാരെ അനുനയിപ്പിച്ചത്. മന്ത്രി ജിത്തു പട്വാരിയും ഒപ്പമുണ്ടായിരുന്നു. തിരികെ പിടിച്ച എം.എല്‍.എമാരെ സൗത്ത് ഡല്‍ഹിയിലെ വസന്ത് കുഞ്ജിലെ ഹോട്ടലിലേക്ക് കൊണ്ടുവരുകയും അവിടെ നിന്ന് ഭോപ്പാലിലെത്തിക്കുകയുമായിരുന്നു.

SHARE