മഹാരാഷ്ട്ര മുഖ്യമന്ത്രി പദത്തിലേക്ക് ഉദ്ദവ് താക്കറെ; ഞായറാഴ്ച സത്യപ്രതിജ്ഞ


മുംബൈ: മഹാരാഷ്ട്രാ മുഖ്യമന്ത്രിപദത്തിലേക്ക് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. എന്‍.സി.പി കോണ്‍ഗ്രസ് ശിവസേനാ സഖ്യം മഹാ വികാസ് അഘാഡിയുടെ നേതാവും മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായുമായി ഉദ്ധവ് താക്കറേയെ നാമനിര്‍ദേശം ചെയ്തുകൊണ്ടുള്ള പ്രമേയം ത്രികക്ഷി എം.എല്‍.എമാര്‍ ഏകകണ്‌ഠേന പാസാക്കി.

എന്‍.സി.പി നിയമസഭാകക്ഷി നേതാവ് ജയന്ത് പാട്ടീലാണ് ഉദ്ധവിനെ നാമനിര്‍ദേശം ചെയ്തത്. കോണ്‍ഗ്രസിന്റെ ബാലാസാഹിബ് തോറാട്ട് പിന്തുണച്ചു. മഹാവികാസ് അഘാഡിയുടെ മൂന്ന് പ്രതിനിധികള്‍ ഇന്ന് ഗവര്‍ണറെ കാണുമെന്നും ഡിസംബര്‍ ഒന്നാംതിയതി മുംബൈയിലെ ശിവാജി പാര്‍ക്കില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും എന്‍.സി.പി. അധ്യക്ഷന്‍ ശരദ് പവാര്‍ പറഞ്ഞു.

നവംബര്‍ 23ന് രാവിലെ ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായും അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തിരുന്നു. എന്നാല്‍ ബുധനാഴ്ച വൈകിട്ട് അഞ്ചുമണിക്കുള്ളില്‍ വിശ്വാസവോട്ട് തേടണമെന്ന സുപ്രീം കോടതിവിധിക്കു പിന്നാലെ ഫഡ്‌നാവിസും അജിത് പവാറും രാജിസമര്‍പ്പിക്കുകയായിരുന്നു.

288 അംഗ നിയമസഭയില്‍ 145 അംഗങ്ങളുടെ പിന്തുണയാണ് കേവലഭൂരിപക്ഷത്തിന് ആവശ്യം. 162 എം.എല്‍.എമാരുടെ പിന്തുണ തങ്ങള്‍ത്തുണ്ടെന്നാണ് എന്‍.സി.പി ശിവസേന കോണ്‍ഗ്രസ് സഖ്യം അവകാശപ്പെടുന്നത്.

SHARE