മഹാരാഷ്ട്രയില്‍ കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു; ഇന്ന് സ്ഥിരീകരിച്ചത് 120 പേര്‍ക്ക്

മഹാരാഷ്ട്രയില്‍ തിങ്കളാഴ്ച കോവിഡ് 19 സ്ഥിരീകരിച്ചത് 120 പേര്‍ക്കെന്ന് സംസ്ഥാന ആരോഗ്യവകുപ്പ്. ഇതോടെ സംസ്ഥാനത്ത് ആകെ കൊറോണ ബാധിതരുടെ എണ്ണം 868 ആയി. ഇതിനോടകം 52പേരാണ് വൈറസ് ബാധയേറ്റ് മരിച്ചത്. മുംബൈയില്‍ മാത്രം 526 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. 34പേരാണ് മുംബൈയില്‍ മാത്രം മരിച്ചത്. നിലവില്‍ ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കൊറോണ ബാധിതരുള്ള സംസ്ഥാനം മഹാരാഷ്ട്രയാണ്.

അതേസമയം രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 693 പേര്‍ക്കു കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു. ജോയന്റ് സെക്രട്ടറി ലവ് അഗര്‍വാളാണ് ഈ കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 4,067 ആയി. കൊറോണ സ്ഥിരീകരിച്ചവരില്‍ 76 ശതമാനവും പുരുഷന്മാരും 24 ശതമാനം പേര്‍ സ്ത്രീകളുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

109 പേര്‍ കോവിഡ് ബാധിച്ച് ഇതിനോടകം മരിച്ചു. തിങ്കളാഴ്ച മാത്രം 30പേര്‍ മരിച്ചു. മരിച്ചവരില്‍ 63ശതമാനം പേരും അറുപതുവയസ്സിനു മുകളില്‍ പ്രായമുള്ളവരാണ്. ഗുണഫലത്തെ കുറിച്ച് പരിമിതമായ തെളിവുകളാണ് ഉള്ളതെങ്കിലും, കോവിഡ്19 രോഗികള്‍ അല്ലെങ്കില്‍ ഹൈ റിസ്‌ക് പട്ടികയില്‍ ഉള്‍പ്പെടുന്നവരെ പരിചരിക്കുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഹൈഡ്രോക്‌സി ക്ലോറോകൈ്വന്‍ ഉപയോഗിക്കാനുള്ള അനുമതി നല്‍കിയിട്ടുണ്ടെന്നും ലവ് അഗര്‍വാള്‍ വ്യക്തമാക്കി.

SHARE