ചരിത്ര റെക്കോര്‍ഡ് തൊട്ടടുത്തെത്തിയത് അറിഞ്ഞില്ല; ക്യാപ്റ്റന്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തു

ന്യൂഡല്‍ഹി: ലോകറെക്കോര്‍ഡ് തൊട്ടരികിലെത്തിയത് ഗുഗാലെ അറിഞ്ഞിരുന്നെങ്കില്‍..!! മഹാരാഷ്ട്രക്കൊപ്പം ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരും ചോദിക്കുകയാണാ ചോദ്യം. ക്രിക്കറ്റിലെ എക്കാലത്തെയും വലിയ റെക്കോര്‍ഡുകളിലൊന്ന് കൈയെത്തും ദൂരെയെത്തിട്ടും ദൗര്‍ഭാഗ്യത്തിനൊപ്പം അബദ്ധം കൂടി ചേര്‍ന്നപ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റിന് നഷ്ടമായത് ഒരു മഹാ റെക്കോര്‍ഡാണ്.

മുംബൈ വാംഖഡെ സ്‌റ്റേഡിയത്തില്‍ നടക്കുന്ന മഹാരാഷ്ട്ര – ഡല്‍ഹി ടെസ്റ്റ് മത്സരത്തിലാണ് സംഭവം. മഹാരാഷ്ട്രയുടെ സ്വപ്‌നില്‍ ഗുഗാലെയും അങ്കീത് ബാവ്‌നെയും ഇന്ത്യന്‍ രഞ്ജി ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കൂട്ടുകെട്ടാണ് സ്വന്തമാക്കിയത്. ഇന്ത്യന്‍ ചരിത്രത്തിലെ തന്നെ എക്കാലത്തെയും വലിയ റെക്കോര്‍ഡ് തകര്‍ത്ത ഇവര്‍ക്ക് പക്ഷെ ലോകറെക്കോര്‍ഡ് തകര്‍ക്കാനായില്ല.

മഹാരാഷ്ട്ര ക്യാപ്റ്റനെന്ന നിലയില്‍ തന്റെ ആദ്യ മത്സരം കളിക്കുകയായിരുന്ന ഓപണര്‍ ഗുഗാലെയും നാലാം നമ്പറില്‍ കളിച്ച ബാവ്‌നെയും ചേര്‍ന്നുള്ള അപരാജിത കൂട്ടുകെട്ടില്‍ പിറന്നത് 594 റണ്‍സ്. വിജയ് ഹസാരെയും ഗുല്‍ മുഹമ്മദും ചേര്‍ന്നെടുത്ത 577 റണ്‍സെന്ന ഇന്ത്യന്‍ റെക്കോര്‍ഡാണ് കടപുഴകിയത്. 1946-47 സീസണില്‍ ഹോള്‍ക്കാറിനെതിരെ ബറോഡക്കു വേണ്ടിയായിരുന്നു അവരുടെ നേട്ടം.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ ലോക തലത്തിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ കൂട്ടുകെട്ട് പേരിലാക്കിയ ഇന്ത്യന്‍ താരങ്ങള്‍ ഒന്നാം സ്ഥാനത്തിനു ശ്രമിക്കാതെ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു. ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാരയും മഹേല ജയവര്‍ദനെയും ചേര്‍ന്ന് ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് മത്സര്തില്‍ കുറിച്ച 624 റണ്‍സാണ് ഏറ്റവും ഉയര്‍ന്ന പ്രകടനം. റെക്കോര്‍ഡ് തകരുമെന്ന് പ്രതീക്ഷിക്കപ്പെട്ടെങ്കിലും പാകിസ്താന്‍ ആഭ്യന്തര ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ റാഫത്തുല്ലാ മുഹമ്മദും ആമിര്‍ സജ്ജാദും ചേര്‍ന്നെടുത്ത 580 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇന്ത്യന്‍ സഖ്യം മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളിയത്. സൂയി സതേണ്‍ ഗ്യാസ് കോര്‍പറേഷനെതിരായ മത്സരത്തില്‍ ഡബ്ല്യു.പി.ഡി.എക്കു വേണ്ടിയായിരുന്നു റാഫത്തുല്ല – സജ്ജാദ് സഖ്യത്തിന്റെ പ്രകടനം.

ടീം സ്‌കോര്‍ രണ്ടിന് 635 എന്ന നിലയില്‍ ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യുകയായിരുന്ന ഗുഗാലെ. 351 റണ്‍സുമായി ഗുഗാലെയും 258 റണ്‍സെടുത്ത് ബാവ്‌നെയും ചരിത്ര നേട്ടത്തിലേക്ക് നീങ്ങവേയാണ് കൂട്ടുകെട്ട്് 600 കടക്കും മുമ്പേ ഗുഗാലെ അപ്രതീക്ഷിതമായി ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തത്. രാവിലെ, മഹാരാഷ്ട്ര രണ്ടിന് 41 എന്ന നിലയില്‍ പതറുമ്പോള്‍ ക്രീസില്‍ ഒന്നിച്ചതായിരുന്നു ഇരുവരും.
കൂട്ടുകെട്ട് 540 റണ്‍സിലെത്തിയപ്പോള്‍ മൂന്നാം വിക്കറ്റിലെ ഉയര്‍ന്ന സഖ്യം എന്ന റെക്കോര്‍ഡ് ഗുഗാലെയേയും ബാവ്‌നയേയും തേടിയെത്തിയിരുന്നു. സാഗര്‍ ജോഗിയാനിയും രവീന്ദ്ര ജഡേജയും ചേര്‍ന്ന് 2012ല്‍ സൗരാഷ്ട്രക്കു വേണ്ടി ഗുജറാത്തിനെതിരെ സൗരാഷ്ട്രക്കു വേണ്ടി നേടിയ 539 റണ്‍സിന്റെ റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായി.
കരിയറിലെ മികച്ച വ്യക്തിഗത പ്രകടനങ്ങളാണ് ഗുഗാലെയും ബാവ്‌നെയും ഇന്നലെ സ്വന്തമാക്കിയത്. പതിനേഴ് ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ചിട്ടുള്ള ഗുഗാലെയുടെ ഇതിനു മുമ്പത്തെ ഉയര്‍ന്ന സ്‌കോര്‍ 174 റണ്‍സായിരുന്നു. 61 മത്സരങ്ങള്‍ കളിച്ച ബാവ്‌നെയുടെ ഉയര്‍ന്ന സ്‌കോര്‍ 172 ആയിരുന്നു. അസാമാന്യ കൂട്ടുകെട്ട് തകര്‍ക്കാനായി താനുള്‍പ്പെടെ ഒമ്പതു ബൗളര്‍മാരെ ഡല്‍ഹി ക്യാപ്റ്റന്‍ ഉന്‍മുക്ത് ചന്ദ് ഉപയോഗപ്പെടുത്തിയിരുന്നു.

SHARE