മഹാരാഷ്ട്ര: ബി.ജെ.പി പിന്‍മാറി; കോണ്‍ഗ്രസ് അംഗം നാനാ പട്ടോളെ സ്പീക്കര്‍

മുംബൈ: മഹാരാഷ്ട്ര സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ നിന്ന് ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്‍വലിച്ചു. ഇതോടെ മഹാവികാസ് അഘാടി സഖ്യ സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് അംഗവുമായ നാനാ പട്ടോളെ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കിസാന്‍ കാതോരെയെയായിരുന്നു ബി.ജെ.പിയുടെ സ്പീക്കര്‍ സ്ഥാനാര്‍ഥി. ഇന്ന് പതിനൊന്ന് മണിയോടെ നിയമസഭ ചേര്‍ന്ന് തെരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിന് തൊട്ടുമുമ്പായി ബി.ജെ.പി സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയായിരുന്നു.

കോണ്‍ഗ്രസ്, എന്‍.സി.പി. പാര്‍ട്ടികളിലെ പ്രധാന നേതാക്കളെല്ലാം പശ്ചിമ മഹാരാഷ്ട്രയില്‍ നിന്നോ, മറാഠ വിഭാഗത്തില്‍ നിന്നോ ഉള്ളവരാണ്. എന്നാല്‍, നാനാ പട്ടോളെ ഒ.ബി.സി.യില്‍പ്പെട്ട കുന്‍ബി വിഭാഗത്തിലുള്ള ആളും. മാത്രമല്ല, സഖ്യത്തിന് അധികം പ്രാതിനിധ്യമില്ലാത്ത വിദര്‍ഭ മേഖലയില്‍നിന്നുള്ള വ്യക്തിയും. സ്പീക്കര്‍ സ്ഥാനാര്‍ഥിയാകാന്‍ നാനാ തിരഞ്ഞെടുക്കപ്പെടാന്‍ ഇതും കാരണമായി. കോണ്‍ഗ്രസിന്റെ കര്‍ഷകസംഘടനാ നേതാവുകൂടിയാണ് അദ്ദേഹം.

നാനാ പട്ടോളെ മുമ്പ് കോണ്‍ഗ്രസുകാരനായിരുന്നു. 2009ല്‍ ബി.ജെ.പി.യിലേക്ക് ചേക്കേറി. 2014ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഭണ്ഡാരഗോണ്ഡിയ മണ്ഡലത്തില്‍ എന്‍.സി.പി.യുടെ ശക്തനായ മുന്‍കേന്ദ്രമന്ത്രി പ്രഫുല്‍ പട്ടേലിനെ തോല്‍പ്പിച്ചാണ് എം.പി.യായത്. എന്നാല്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി പിണങ്ങി അദ്ദേഹം വീണ്ടും കോണ്‍ഗ്രസിലേക്ക് തിരിച്ചുവന്നു. 2019ല്‍ നാഗ്പുരില്‍ നിതിന്‍ ഗഡ്കരിക്കെതിരേ മത്സരിച്ച് തോറ്റു. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ സകോളി നിയമസഭാ മണ്ഡലത്തില്‍ മന്ത്രി പരിണയ് ഫുകെയെയാണ് തോല്‍പ്പിച്ചത്.

SHARE