മഹാരാഷ്ട്രയില്‍ ഒറ്റദിനത്തിലെ ഏറ്റവും കൂടുതല്‍ മരണം; ആകെ മരണം 1,792 ആയി

മുബൈ: രാജ്യത്ത് കോവിഡ് വ്യാപനം ഏറ്റവും കൂടുതല്‍ രൂക്ഷമായ മഹാരാഷ്ട്രയില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് ഇതുവരെയുള്ള റെക്കോര്‍ഡ് മരണം. മഹാരാഷ്ട്രയില്‍ ഒറ്റദിവസത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ച ദിവസമായി ചൊവ്വാഴ്ച. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ ആകെ 97 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മരിച്ചവരില്‍ 39 പേരും രാജ്യത്തെ പ്രമുഖ നഗരമായ മുംബൈയില്‍ നിന്നാണ്. ഇതോടെ സംസ്ഥാനത്തെ ആകെ മരണസംഖ്യ 1,792 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മഹാരാഷ്ട്രയില്‍ പുതിയ 2091 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ മഹാരാഷ്ട്രയിലെ ആകെ കേസുകള്‍ 54,758 ആയി. സംസ്ഥാനത്ത് ആകെ സജീവ കേസുകള്‍ ഇപ്പോള്‍ 36,004 ആണ്. മഹാരാഷ്ട്രയില്‍ ഇതുവരെ ആകെ 16,954 പേര്‍ ഡിസ്ചാര്‍ജായി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ മുംബൈയില്‍ 1,002 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈയിലെ ആകെ കേസുകള്‍ 32,974 ആയി. ആകെ മരണം 1,065 ഉം.

സംസഥാനത്ത് നിലവില്‍ 5,67,622 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. 35,200 പേര്‍ സര്‍ക്കാര്‍ കീഴിലും നിരീക്ഷണത്തില്‍ ഉണ്ട്.

അതിനിടെ, കൊറോണ വൈറസ് വാര്‍ഡില്‍ പോസ്റ്റ് ചെയ്ത സഹപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ സംസ്ഥാന തലസ്ഥാനമായ മുംബൈയിലെ കെഇഎം (കിംഗ് എഡ്വേര്‍ഡ് മെമ്മോറിയല്‍) ആസ്പത്രിയില്‍ മെഡിക്കല്‍ സ്റ്റാഫും ജീവനക്കാരും പ്രതിഷേധിച്ചു. മൃതദേഹം രണ്ട് ദിവസത്തേക്ക് മോര്‍ച്ചറിയില്‍ സൂക്ഷിച്ചതിനെതിരായാണ് കെഇഎം ആസ്പത്രിയിലെ മെഡിക്കല്‍ സ്റ്റാഫും ജീവനക്കാരും പ്രതിഷേധിച്ചത്. ഇതിനിടെ ആസ്പത്രി വരാന്തയില്‍ പൊതിഞ്ഞ നിലയിലുള്ള മൃതദേഹങ്ങളുടെ നിരത്തിവെച്ചിരിക്കുന്ന ചിത്രങ്ങള്‍ പുറത്തുവന്നു.