മഹാരാഷ്ട്രയില്‍ ഫഡ്‌നാവിസിനു തിരിച്ചടി; മുന്‍ മന്ത്രി പങ്കജ മുണ്ടെ പാര്‍ട്ടിയില്‍ നിന്ന് പുറത്തേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ അധികാരം പിടിക്കുന്നതില്‍ താഴെപ്പോയതിനു പിന്നാലെ വീണ്ടും അടി തെറ്റി ബി.ജെ.പി. പാര്‍ട്ടിക്കകത്തെ പൊട്ടിത്തെറി രൂക്ഷമായതോടെ പ്രതിസന്ധിയിലാണ് മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. പാര്‍ട്ടി നേതാവും ഫഡ്‌നാവിസ് മന്ത്രിസഭാംഗവുമായിരുന്ന പങ്കജ മുണ്ടെയാണ് ഇപ്പോള്‍ നേതൃത്വത്തിന് തലവേദനയുണ്ടാക്കുന്ന നിലപാടുകളുമായി മുന്നോട്ടു പോകുന്നത്. ബി.ജെ.പിയുടെ കോര്‍ കമ്മിറ്റിയില്‍ തുടരാന്‍ ആഗ്രഹിക്കുന്നില്ലെന്ന് അവര്‍ വ്യക്തമാക്കിക്കഴിഞ്ഞു. നേരത്തെ മഹാരാഷ്ട്ര ബി.ജെ.പിയിലെ മുതിര്‍ന്ന നേതാവ് ഏക്‌നാഥ് ഗഡ്‌സെ എന്‍.സി.പി അധ്യക്ഷന്‍ ശരത് പവാറുമായി ചര്‍ച്ച നടത്തിയതിനു പിന്നാലെയാണ് പങ്കജ മുണ്ടെ പാര്‍ട്ടിയോട് വിയോജിച്ച് രംഗത്തെത്തിയിരിക്കുന്നത്. ഏക്‌നാഥ് ഗഡ്‌സേയടക്കമുള്ള നേതാക്കള്‍ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളുമുണ്ട്.

കഴിഞ്ഞ ദിവസം മുംബൈയില്‍ നടന്ന ബി.ജെ.പിയുടെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കജ മുണ്ടെ പങ്കെടുത്തിരുന്നില്ല. ജനാധിപത്യം ഇല്ലാത്ത ഒരിടത്ത് മെമ്പര്‍ ആയിരിക്കുന്നതില്‍ കാര്യമില്ല എന്നാണ് യോഗത്തില്‍ പങ്കെടുക്കാത്തതിനെ കുറിച്ച് അവര്‍ മറുപടി പറഞ്ഞത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ താന്‍ വിജയിക്കണമെന്ന് ചില ബി.ജെ.പി നേതാക്കള്‍ ആഗ്രഹിച്ചിരുന്നില്ലെന്നും അതിനാലാണ് പരാജയപ്പെട്ടതെന്നും അവര്‍ പറഞ്ഞു. ദേവേന്ദ്ര ഫഡ്‌നാവിസിനെ ഉന്നം വെച്ചാണ് അവര്‍ ഈ പരാമര്‍ശം നടത്തിയത്.

സംസ്ഥാനത്ത് അടുത്ത ജനുവരിയില്‍ തന്റെ നേതൃത്വത്തില്‍ മഷാല്‍ റാലി സംഘടിപ്പിക്കുമെന്നും അവര്‍ വ്യക്തമാക്കി. ഔറംഗാബാദില്‍ നിരാഹാര സമരം നടത്തുമെന്നും അവര്‍ പറയുന്നു. എന്നാല്‍ ഈ സമരത്തിലോ റാലിയിലോ ഒന്നും ബി.ജെ.പിയുടെ താമര ചിഹ്നമോ നരേന്ദ്ര മോദിയുടെ ചിത്രമോ വെക്കില്ല. സംസ്ഥാന കോര്‍ കമ്മിറ്റിയില്‍ ഇല്ലെന്നു വ്യക്തമാക്കിയ അവര്‍ മോദിയുടെ ചിത്രം കൂടി വെക്കില്ല എന്നു പറയുന്നതോടെ പാര്‍ട്ടി വിട്ടേക്കുമെന്ന സൂചനകളാണ് നല്‍കുന്നത്.

കഴിഞ്ഞ മഹാരാഷ്ട്ര സര്‍ക്കാറിലെ ഗ്രാമ വികസന ശിശു വികസന മന്ത്രിയായിരുന്നു മുണ്ടെ. ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ബന്ധു കൂടിയായ എന്‍.സി.പി നേതാവ് ധനഞ്ജയ് മുണ്ടേയോട് 30000ത്തിലധികം വോട്ടുകള്‍ക്കാണ് പങ്കജ മുണ്ടെ പരാജയപ്പെട്ടത്.

SHARE