പുണെ: ലോക്ക്ഡൗണ്‍ സമയത്തു കമ്പനിയുടെ പണം ചെലവാക്കിയെന്ന് ആരോപിച്ച് യുവാവിനെ സ്ഥാപന ഉടമ ഉള്‍പ്പെടെ മൂന്നു പേര് തട്ടിക്കൊണ്ടു പോവുകയും മര്‍ദിക്കുകയും സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ തളിക്കുകയും ചെയ്തതായി പരാതി. മഹാരാഷ്ട്രയിലെ കൊത്രുടിലാണു സംഭവം. ജൂണ്‍ 13, 14 തീയതികളില്‍ നടന്ന സംഭവമാണെങ്കിലും ജൂലൈ രണ്ടിനാണ് എഫ്ഐആര്‍ റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
കലാകാരന്മാരുടെ പെയിന്റിങ്ങുകള്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കുന്ന കമ്പനിയിലെ മാനേജരാണു പരാതിക്കാരന്. മാര്‍ച്ചില്‍ ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി ഇദ്ദേഹം ഡല്‍ഹിയിലേക്കു പോയിരുന്നു. കോവിഡ് ലോക്ഡൗണിനെ തുടര്‍ന്നു മടങ്ങിവരാന്‍ സാധിച്ചില്ല. സ്ഥാപനത്തില്‍നിന്നു കൊടുത്തിരുന്ന പണമുപയോഗിച്ചാണ് അവിടെ ലോഡ്ജില്‍ ലോക്ഡൗണ്‍ സമയത്ത് കഴിഞ്ഞിരുന്നത്. മേയ് ഏഴിനു തിരികെയെത്തിയപ്പോള്‍ ഹോട്ടലില്‍ 17 ദിവസം ക്വാറന്റീനില്‍ കഴിയാന്‍ കമ്പനിയുടമ ആവശ്യപ്പെട്ടു.
കയ്യില്‍ പണമില്ലാത്തതിനാല്‍ മൊബൈല്‍ ഫോണും ഡെബിറ്റ് കാര്‍ഡും പണയപ്പെടുത്തിയാണു ഹോട്ടലില്‍നിന്നു പുറത്തുവന്നത്. ചെലവഴിച്ച പണം തിരികെ കൊടുക്കണമെന്ന് ആവശ്യപ്പെട്ട് ജൂണ്‍ 13ന് സ്ഥാപന ഉടമയും സഹായികളും വരികയും കാറില്‍ കെട്ടിയിടുകയും ചെയ്തു. ഓഫിസിലേക്കു തട്ടിക്കൊണ്ടുപോയി തന്റെ സ്വകാര്യഭാഗങ്ങളില്‍ സാനിറ്റൈസര്‍ സ്പ്രേ ചെയ്തെന്നും യുവാവിന്റെ പരാതിയില്‍ പറയുന്നു. ദിവസങ്ങള്‍ക്കു ശേഷമാണു പരാതി നല്‍കിയത്. ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.