മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിതാഷാക്ക് കുരുക്ക് മുറുകുന്നു. സി.ബി.ഐ കോടതി ജഡ്ജി ലോയയുടെ അസ്വാഭാവികമായ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഒരുങ്ങുന്നു. തെളിവുകളുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ കേസ് പുനഃരന്വേഷിക്കുമെന്നാണ് റിപ്പോര്‍ട്ട്. മുംബൈയില്‍ വെച്ച് നടന്ന എന്‍.സി.പി യോഗത്തിന് ശേഷം മന്ത്രിയും എന്‍.സി.പി വക്താവുമായ നവാബ് മാലിക്കാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അമിത് ഷാ പ്രതിയായിരുന്ന സൊഹ്‌റാബുദ്ദീന്‍ വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ചിരുന്ന ജഡ്ജിയായിരുന്നു ലോയ. അദ്ദേഹത്തിന്റെ മരണത്തില്‍ കുടുംബങ്ങള്‍ സംശയം ഉന്നയിച്ചിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ക്ക് ഏറ്റുമുട്ടല്‍ കേസ് പരിഗണനയില്‍ ഇരിക്കവേയാണ് 2014 ഡിസംബര്‍ ഒന്നിന് ജഡ്ജ് ലോയയുടെ മരണം സംഭവിക്കുന്നത്. വ്യക്തമായ തെളിവുകളോടെ ആരെങ്കിലും പരാതി നല്‍കിയാല്‍ കേസ് പുനഃരന്വേഷിക്കുമെന്നും കാരണം കൂടാതെ വിഷയത്തില്‍ അന്വേഷണം നടത്തില്ലെന്നും നവാബ് മാലിക് പറഞ്ഞു. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ അധികാരത്തിലേറിയതിന് ശേഷം ജസ്റ്റിസ് ലോയ കേസ് പുനരന്വേഷിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ബിജെപിയോട് തെറ്റിപ്പിരിഞ്ഞ ശിവസേനക്കും പുനരന്വേഷണത്തില്‍ എതിര്‍വാക്കുകളുണ്ടായിരുന്നില്ല.
2017 നവംബറില്‍ ‘ദ കാരവ’നാണ് ജസ്റ്റിസ് ലോയയുടെ മരണത്തിലെ ദുരൂഹതകള്‍ പുറത്തുകൊണ്ടുവരുന്നത്. ലോയയുടെ കുടുംബം തന്നെ അദ്ദേഹത്തിന്റെ മരണത്തില്‍ സംശയം രേഖപ്പെടുത്തി രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ഇത്. മരണത്തിന്റെ സാഹചര്യങ്ങള്‍ സംശയാസ്പദമാണെന്നും കേസില്‍ അനുകൂലമായ വിധി പുറപ്പെടുവിക്കാന്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദമുണ്ടായിരുന്നെന്നും കുടുംബം പറഞ്ഞിരുന്നു. എന്നാല്‍ ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് 2018 ജൂലൈയില്‍ സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി തള്ളുകയായിരുന്നു.