അമിത്ഷാക്ക് കുരുക്ക് മുറുകുന്നു; ജസ്റ്റിസ് ലോയയുടെ മരണം പുനരന്വേഷിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍

മുംബൈ: ജസ്റ്റിസ് ലോയയുടെ ദുരൂഹമരണം പുനരന്വേഷിക്കാന്‍ പദ്ധതിയിട്ട് മഹാരാഷ്ട്രയിലെ മഹാവികാസ് അഘാഡി സര്‍ക്കാര്‍. കോണ്‍ഗ്രസ്-ശിവസേന-എന്‍സിപി സര്‍ക്കാര്‍ അധികാരത്തിലേറിയതിനു ശേഷം നിരവധി പ്രമുഖരായ നേതാക്കന്‍മാര്‍ കേസ് പുനരന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഉദ്ധവ് സര്‍ക്കാര്‍ കേസ് പുനരന്വേഷിക്കാന്‍ ഉത്തരവിടുമെന്നാണ് സൂചന. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജിയായിരിക്കെയാണ് ജസ്റ്റിസ് ബി.എച്ച് ലോയ ദുരൂഹ സാഹചര്യത്തില്‍ മരിക്കുന്നത്. കേസില്‍ പുനരന്വേഷണം നടത്തണമെന്ന ആവശ്യം നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു.

പുനരന്വേഷണം ആവശ്യമാണെങ്കില്‍ നടപ്പിലാക്കുമെന്ന് എന്‍സിപി നേതാവ് ശരത് പവാര്‍ പറഞ്ഞു. മറാത്തി വാര്‍ത്താ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ശരത് പവാറിന്റെ പ്രതികരണം. ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നുവല്ലോ എന്ന ചോദ്യത്തിന് മറുപടിയായാണ് ശരത് പവാറിന്റെ പരാമര്‍ശം. പത്രത്തിലൂടെയാണ് അക്കാര്യങ്ങള്‍ അറിയുന്നത്. മഹാരാഷ്ട്രയിലെ ജനങ്ങള്‍ക്കിടയില്‍ വാര്‍ത്ത ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ ഇതിനെക്കുറിച്ച് വ്യക്തമായി അറിയില്ല. ആരെങ്കിലും പുനരന്വേഷണം ആവശ്യപ്പെടുകയാണെങ്കില്‍ അതിനെക്കുറിച്ച് ചിന്തിക്കുന്നതായിരിക്കുമെന്നും പവാര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, ആര്‍ക്കെതിരേയും അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കില്ലെന്നും പവാര്‍ വ്യക്തമാക്കി.

2018 ജനുവരിയില്‍ ജസ്റ്റിസ് ലോയ കേസില്‍ പുനരന്വേഷണത്തിന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടിരുന്നു. ആര്‍ക്കെങ്കിലും ഈ മരണം സംശയമുണ്ടാക്കുന്നുണ്ടെങ്കില്‍, അവര്‍ ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചാല്‍ നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്നായിരുന്നു അന്ന് ഉദ്ധവ് താക്കറെ പറഞ്ഞത്. ലോയയുടെ മരണത്തിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. ഇതില്‍ അനീതിയൊന്നുമില്ലെങ്കില്‍ എന്തിനാണ് പുനരന്വേഷണത്തെക്കുറിച്ച് ഭയപ്പെടുന്നതെന്നും താക്കറെ ചോദിച്ചിരുന്നു.

കഴിഞ്ഞദിവസം, കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങ്ങും, ലോയ കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. സൊഹ്‌റാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ അനുകൂല വിധി പറയണമെന്നാവശ്യപ്പെട്ട് ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ബി.എച്ച് ലോയക്ക് വാഗ്ദാനം ചെയ്തിരുന്നുവെന്ന് സഹോദരി അനുരാധ വെളിപ്പെടുത്തിയ പശ്ചാത്തലത്തിലായിരുന്നു ദിഗ് വിജയ് സിങ്ങിന്റെ ആവശ്യം. സൊഹ്‌റാബുദ്ദീന്‍ കേസില്‍ പ്രതികള്‍ക്ക് അനുകൂല വിധിയുണ്ടാകണമെന്ന് പറഞ്ഞ് ബോംബെ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മോഹിത് ഷാ 100 കോടി രൂപ ലോയക്ക് വാദ്ഗാനം ചെയ്തിരുന്നുവെന്നാണ് സഹോദരിയുടെ വെളിപ്പെടുത്തിയിരുന്നു. അദ്ദേഹം മരിക്കുന്നതിന് കുറച്ച് ആഴ്ചകള്‍ക്ക് മുമ്പ് ഇക്കാര്യം തന്നോട് പറഞ്ഞിരുന്നുവെന്നും സഹോദരിയെ ഉദ്ധരിച്ച് ‘ദ കാരവന്‍’ റിപ്പോര്‍ട്ട് ചെയ്തു. ലോയയുടെ പിതാവും ഇതേ കാര്യം പറഞ്ഞിരുന്നുവെന്ന് കാരവന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.