മഹാരാഷ്ട്രയില്‍ ഉദ്ധവ് അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ ഫഡ്‌നാവിസിന് സമന്‍സ്

മുംബൈ: മഹാരാഷ്ട്രയില്‍ ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറി മണിക്കൂറുകള്‍ക്കുള്ളില്‍ മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് സമന്‍സ്. തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ തന്റെ പേരിലുള്ള രണ്ട് ക്രിമിനല്‍ കേസുകള്‍ മറച്ചുവെച്ചെന്ന കേസിലാണ് ഫഡ്‌നാവിസിന് സമന്‍സ് അയച്ചിരിക്കുന്നത്. നാഗ്പൂരിലെ ഫഡ്‌നാവിസിന്റെ വസതിയിലേക്കാണ് സമന്‍സ് അയച്ചിരിക്കുന്നത്. ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി മഹാ വികാസ് അഗാഡി സഖ്യം അധികാരത്തിലേറി ഏതാനും മണിക്കൂറുകള്‍ക്കുള്ളിലാണ് സംഭവം.

നാഗ്പൂര്‍ എംഎല്‍എയാണ് ഫഡ്‌നാവിസ്. ഫഡ്‌നാവിസിനുള്ള കോടതി സമന്‍സ് ഫഡ്‌നാവിസിന്റെ വീട്ടിലെത്തിച്ചുവെന്ന് നാഗ്പൂര്‍ സദര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ മഹേഷ് ബന്‍സോഡെ അറിയിച്ചു. നവംബര്‍ ഒന്നിന് അഭിഭാഷകനായ സതീഷ് യുകെയെന്നയാള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫഡ്‌നാവിസിനെതിരെ ഹര്‍ജി നല്‍കിയിരുന്നു. എന്നാല്‍, ഇദ്ദേഹത്തിന്റെ ഹര്‍ജി കീഴ്‌ക്കോടതിയും പിന്നീട് ബോംബെ ഹൈക്കോടതിയും തള്ളി. എന്നാല്‍, ഇദ്ദേഹം സുപ്രിം കോടതിയെ സമീച്ചതിനെത്തുടര്‍ന്ന് അനുകൂല വിധിയുണ്ടാകുകയായിരുന്നു. യുകെ നല്‍കിയ പരാതിയുമായി മുന്നോട്ട് പോകാന്‍ സുപ്രിം കോടതി ഒക്ടോബര്‍ ഒന്നിന് ഉത്തരവിടുകയായിരുന്നു. 1996ലും 1998ലും ഫഡ്‌നാവിസിനെതിരെ വഞ്ചന, വ്യാജരേഖ ചമയ്ക്കല്‍ എന്നീ ആരോപണത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍, ഇക്കാര്യങ്ങള്‍ ഫഡ്‌നാവിസ് തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിട്ടില്ലന്നതാണ് ആരോപണം. നവംബര്‍ ഒന്നിനാണ് നാഗ്പുര്‍ കോടതി ഫഡ്‌നാവിസിന്റെ പേരിലുള്ള ക്രിമിനല്‍ നടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ സമന്‍സ് ഇപ്പോഴാണ് അയക്കുന്നത്.

ഇന്നലെ വൈകുന്നേരം 6.40-നാണ് ഉദ്ധവ് താക്കറെ മഹാരാഷ്ട്രയുടെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. നേരത്തെ ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നുവെങ്കിലും രണ്ടു ദിവസത്തിനു ശേഷം സര്‍ക്കാര്‍ താഴെ വീഴുകയായിരുന്നു.