കേന്ദ്രസര്‍ക്കാറിന്റെ വാദം തള്ളി; സര്‍ക്കാര്‍ രൂപീകരണത്തിന് കാരണമായ കത്തുകള്‍ ഹാജരാക്കണമെന്ന് കോടതി

ന്യൂഡല്‍ഹി: മഹാരാഷ്ട്രയില്‍ വിശ്വാസ വോട്ടെടുപ്പിന് മൂന്ന് ദിവസം വേണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. ദേവേന്ദ്ര ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ കാരണമായ കത്തുകള്‍ നാളെ കോടതിയില്‍ ഹാജരാക്കണമെന്ന് കോടതി ആവശ്യപ്പെട്ടു. നാളെ വീണ്ടും കേസ് കോടതി പരിഗണിക്കും.

24 മണിക്കൂറിനകം വിശ്വാസ വോട്ടെടുപ്പ് നടത്തണം എന്നായിരുന്നു കോണ്‍ഗ്രസ്-എന്‍.സി.പി സഖ്യം ആവശ്യപ്പെട്ടിരുന്നു. കബില്‍ സിബല്‍, മനു അഭിഷേക് സിങ് വി എന്നിവരാണ് കോണ്‍ഗ്രസ് സഖ്യത്തിന് വേണ്ടി ഹാജരായത്. കേന്ദ്രമന്ത്രിസഭാ യോഗം ചേരാതെ എപ്പോഴാണ് രാഷ്ട്രപതി ഭരണം പിന്‍വലിച്ചതെന്ന് കബില്‍ സിബല്‍ ചോദിച്ചു. ഇത് അടിയന്തരാവസ്ഥക്ക് സമാനമായ സാഹചര്യമാണെന്നും കബില്‍ സിബല്‍ പറഞ്ഞു. ഗവര്‍ണര്‍ മുകളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്ന ഗുരുതര ആരോപണവും കബില്‍ സിബല്‍ ഉന്നയിച്ചു

ഗവര്‍ണര്‍ക്ക് വേണ്ടി ആരും കോടതിയില്‍ ഹാജരുണ്ടായിരുന്നില്ല. അതുകൊണ്ട് ഗവര്‍ണര്‍ ഏത് സാഹചര്യത്തിലാണ് ഫഡ്‌നാവിസിനെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിച്ചതെന്ന് അറിയേണ്ടതുണ്ടെന്ന് കോടതി പറഞ്ഞു. അതിനാണ് നാളെ കത്തുകള്‍ ഹാജരാക്കാന്‍ പറഞ്ഞു. ജസ്റ്റിസ് രമണയുടെ നേതൃത്വത്തിലുള്ള ബെഞ്ച് തന്നെയാണ് നാളെ കത്തുകള്‍ പരിശോധിക്കുക.