മഹാരാഷ്ട്ര എ.ടി.എസ് മുന്‍ മേധാവി ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു

പ്രമാദമായ കേസുകള്‍ അന്വേഷിച്ച ഐ.പി.എസ് ഉദ്യോഗസ്ഥന്‍

മുംബൈ: മഹാരാഷ്ട്ര അഡീഷണല്‍ ഡയരക്ടര്‍ ജനറല്‍ ഓഫ് പൊലീസും(എ.ഡി.ജി.പി) തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ (എ.ടി. എസ്) മുന്‍ തലവനുമായ ഹിമാന്‍ഷു റോയ് സ്വയം വെടിവെച്ചു മരിച്ചു. ഇന്നലെ ഉച്ചക്ക് 1.40ന് മുംബൈയിലെ വസതിയിലാണ് സംഭവം. ക്യാന്‍സര്‍ രോഗ ബാധിതനായ റോയ് ഒരു വര്‍ഷമായി അവധിയില്‍ ചികിത്സയിലായിരുന്നു. സര്‍വീസിലിരിക്കെ പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത ഐ.പി.എസ് ഓഫീസറാണ്.
വീട്ടിനുള്ളില്‍നിന്ന് വെടിയൊച്ച കേട്ട് ഓടിയെത്തിയ സ്റ്റാഫ് അംഗങ്ങളാണ് റോയിയെ രക്തത്തില്‍ കുളിച്ച നിലയില്‍ കണ്ടത്. ഉടന്‍ ബോംബെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിച്ചു. വായയിലാണ് വെടിയേറ്റതെന്നും സ്വന്തം സര്‍വീസ് റിവോള്‍വറില്‍നിന്നാണ് വെടിയുതിര്‍ത്തതെന്നും പൊലീസ് പറഞ്ഞു. നിരന്തര രോഗപീഢ കാരണമുള്ള നിരാശയാണ് ജീവനൊടുക്കാന്‍ പ്രേരണയെന്ന് വ്യക്തമാക്കുന്ന ആത്മഹത്യാ കുറിപ്പ് കണ്ടെടുത്തതായും പൊലീസ് അറിയിച്ചു. യു.എസില്‍ ഉള്‍പ്പെടെ റോയ് വിദഗ്ധ ചികിത്സ തേടിയിരുന്നു.
1988 ബാച്ച് ഐ.പി.എസ് ഓഫീസറായ റോയ് മഹാരാഷ്ട്ര പൊലീസിലെ മിടുക്കരായ ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്നു. 5600 കോടി രൂപയുടെ നാഷണല്‍ സ്‌പോട്ട് എക്‌സ്‌ചേഞ്ച് ലിമിറ്റഡ് അഴിമതി കേസ് ഉള്‍പ്പെടെ നിരവധി കേസുകള്‍ക്ക് തുമ്പുണ്ടാക്കി. ഇന്ത്യന്‍ രാഷ്ട്രീയത്തെയും ക്രിക്കറ്റ് ബോര്‍ഡിനേയും പിടിച്ചുകുലുക്കിയ ഐ.പി.എല്‍ വാതുവെപ്പ് കേസിന്റെ അന്വേഷണത്തിന് നേതൃത്വം നല്‍കിയതും ഐ.സി.സി ചെയര്‍മാന്‍ എന്‍ ശ്രീനിവാസന്റെ മരുമകന്‍ ഗുരുനാഥ് മെയ്യപ്പെനെ ഉള്‍പ്പെടെ അറസ്റ്റു ചെയ്തതും റോയിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമായിരുന്നു. മാധ്യമ പ്രവര്‍ത്തകന്‍ ജ്യോതിര്‍മയി ഡേയുടെ കൊലപാതകക്കേസ് അന്വേഷിച്ചതും കേസില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തക ജിഗ്ന വോറയെ അറസ്റ്റു ചെയ്തതും റോയ് മുംബൈ ക്രൈംബ്രാഞ്ച് മേധാവിയായിരിക്കെയാണ്. എ.ടി.എസ് മേധാവി സ്ഥാനം ഉള്‍പ്പെടെ മഹാരാഷ്ട്ര പൊലീസില്‍ നിരവധി ഉന്നത പദവികള്‍ വഹിച്ചിട്ടുണ്ട്.

SHARE