മഹാരാഷ്ട്രയില്‍ 15 എം.എല്‍.എമാര്‍ ബി.ജെ.പി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാന്‍ സന്നദ്ധത അറിയിച്ചതായി എന്‍.സി.പി

മുംബൈ: മഹാരാഷ്ട്രയില്‍ ബിജെപിക്ക് തലവേദനയായി എന്‍സിപി നേതാവ് ജയന്ത് പാട്ടീലിന്റെ അവകാശ വാദം. 14 മുതല്‍ 15 എംഎല്‍എമാര്‍ ബിജെപി വിട്ട് സഖ്യസര്‍ക്കാറില്‍ ചേരാമെന്ന് അറിയിച്ചെന്ന് ജയന്ത് പാട്ടീല്‍ പറഞ്ഞു. മധ്യപ്രദേശില്‍ എംഎല്‍എമാരെ ചാക്കിട്ട് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള ശ്രമത്തിനിടെയാണ് മഹാരാഷ്ട്രയില്‍ അവകാശവാദവുമായി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ രംഗത്തെത്തിയത്.

1415 എംഎല്‍എമാര്‍ എന്നെ സമീപിച്ചു. ഇന്ന് പോലും ചിലര്‍ വിളിച്ചു. സര്‍ക്കാറുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് അവര്‍ അറിയിച്ചു. അവരുടെ ഉള്ളില്‍ എന്താണെന്ന് ഞങ്ങള്‍ക്കറിയാം-ജയന്ത് പാട്ടീല്‍ മാധ്യമങ്ങളോട് പറഞ്ഞു. എംഎല്‍എമാരെ ചാക്കിട്ട് പിടിക്കുന്നത് ധാര്‍മികതയല്ല. അത്തരമൊരു തെറ്റ് ചെയ്യാന്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നില്ല. സര്‍ക്കാറിനെ സുസ്ഥിരപ്പെടുത്തുകയാണ് ലക്ഷ്യം. അധികാരമില്ലെങ്കില്‍ ബിജെപി അസ്വസ്ഥരാണെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്രയില്‍ ഏറ്റവും വലിയ ഒറ്റകക്ഷി ബിജെപിയാണെങ്കിലും ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യമാണ് ഭരിക്കുന്നത്.

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ മുസ്ലീം സംവരണത്തില്‍ ഭരണകക്ഷിയില്‍ അഭിപ്രായമുണ്ടായിരുന്നു. മധ്യപ്രദേശില്‍ കോണ്‍ഗ്രസ് സര്‍ക്കാറിനെ താഴെയിറക്കാന്‍ ബിജെപി സ്വതന്ത്ര എംഎല്‍എമാരെ ചാക്കിടുന്നുണ്ടെന്ന് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. എന്നാല്‍, കോണ്‍ഗ്രസിന്റെ ആരോപണം ബിജെപി തള്ളി.

SHARE