പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഇന്ന് മഹാറാലി

ചൈന്നൈ: പൗരത്വ ഭേദഗതി നിയമത്തിനെതിരെ ചെന്നൈയില്‍ ഇന്ന് ഡി.എം.കെയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളുടെ മഹാറാലി. റാലിക്ക് പൊലീസ് അനുമതി നിഷേധിച്ചിരുന്നെങ്കിലും കോടതി ഇടപെട്ട് അനുമതി നല്‍കുകയായിരുന്നു. ഞായറാഴ്ച രാത്രി വൈകിയാണ് ഹൈക്കോടതി റാലിക്ക് അനുമതി നല്‍കിയത്. ഡി.എം.കെയുടെ വലിയ വിജയമാണിതെന്നും നിയമം പാലിച്ചുകൊണ്ട് റാലി നടത്തുമെന്നും പാര്‍ട്ടി അധ്യക്ഷന്‍ എം.കെ സ്റ്റാലിന്‍ മാധ്യമങ്ങളോട് പറഞ്ഞു. ‘റാലി തടയാന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ ഭാഗത്തുനിന്ന് ശ്രമം നടന്നു. എന്നാല്‍ കോടതി റാലി നടത്താന്‍ അനുമതി നല്‍കി. വലിയ വിജയമാണിത്. നിയമം പാലിച്ചുകൊണ്ട് റാലി നടത്തും’ അദ്ദേഹം പറഞ്ഞു.

റാലി മുഴുവന്‍ വീഡിയോയില്‍ പകര്‍ത്തണം, അക്രമം നടത്തരുത്, പൊതുമുതല്‍ നശിപ്പിക്കരുത് തുടങ്ങിയ നിബന്ധനകളോടെയാണ് റാലിക്ക് അനുമതി നല്‍കിയിട്ടുള്ളത്. ഡി.എം.കെ ഘടകകക്ഷികളുടെ പിന്തുണയും റാലിക്കുണ്ട്.

ഇന്ത്യന്‍ മക്കള്‍ കക്ഷി നല്‍കിയ ഹരജി കോടതി അടിയന്തരമായി പരിഗണിക്കുകയായിരുന്നു. റാലിയെ പിന്തുണച്ച് കമല്‍ഹാസന്റെ ‘മക്കള്‍ നീതി മയ്യം’ രംഗത്തെത്തി. പാര്‍ട്ടി ജനറല്‍ സെക്രട്ടറിമാരായ അരുണാചലവും ശൗരി രാജനും ഡി.എം.കെ ആസ്ഥാനമായ അറിവാലയത്തിലെത്തിയാണ് റാലിക്ക് പിന്തുണ പ്രഖ്യാപിച്ചത്. എം.ഡി.എം.കെ, വി.സി.കെ തുടങ്ങിയ കക്ഷികളും റാലിയില്‍ പങ്കെടുക്കും.

SHARE