മോദിക്കൊപ്പം ഭൂമിപൂജയില്‍ പങ്കെടുത്ത രാമജന്മഭൂമി ക്ഷേത്ര ട്രസ്റ്റ് മേധാവിക്ക് കോവിഡ്

ന്യൂഡല്‍ഹി: അയോദ്ധ്യയില്‍ ഓഗസ്റ്റ് അഞ്ചിന് നടന്ന രാമക്ഷേത്ര ഭൂമിപൂജയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഒപ്പം വേദി പങ്കിട്ട രാമക്ഷേത്ര ട്രസ്റ്റ് മേധാവി മഹന്ത് നൃത്യ ഗോപാല്‍ ദാസിന് കോവിഡ് ബാധ സ്ഥിരീകരിച്ചു. മഥുരയില്‍ ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളില്‍ പങ്കെടുത്തതിന് ശേഷം നടന്ന പരിശോധനയിലാണ് കോവിഡ് ബാധ സ്ഥിരീകരിച്ചത്.

മഥുര ജില്ലയിലെ മേദാന്ത ആശുപത്രിയിലാണ് ഇദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. വിഷയത്തില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റിപ്പോര്‍ട്ട് തേടി. മഥുര ജില്ലാ മജിസ്‌ട്രേറ്റിനോടും ആശുപത്രി സൂപ്രണ്ടിനോടും മുഖ്യമന്ത്രി സംസാരിച്ചതായി മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

ആഗ്രയില്‍നിന്നുള്ള ചീഫ് മെഡിക്കല്‍ ഓഫീസറുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘത്തെ ചികിത്സാ സഹായത്തിനായി അയച്ചിട്ടുണ്ട്.

മോദിക്കു പുറമെ, ഉത്തര്‍ പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ആര്‍.എസ്.എസ്. മേധാവി മോഹന്‍ ഭാഗവത് എന്നിവരും ശിലാന്യാസ ചടങ്ങിനു ശേഷം നടത്തിയ സമ്മേളനത്തില്‍ മഹന്ത് നൃത്യ ഗോപാല്‍ദാസിനൊപ്പം വേദി പങ്കിട്ടിരുന്നു.

SHARE