കോവിഡ്: വിളിപ്പുറത്ത് സഹായങ്ങളുമായി ക്രൈം സംഘങ്ങള്‍- ഇറ്റലിയില്‍ മാഫിയ പിടിമുറുക്കുന്നു

മിലാന്‍: കോവിഡ് വൈറസ് വ്യാപനത്തില്‍ തളര്‍ന്ന ഇറ്റലിയില്‍ പ്രാദേശിക തലത്തില്‍ സഹായങ്ങളുമായി മാഫിയ സംഘങ്ങള്‍ സജീവം. ആവശ്യക്കാര്‍ക്ക് ഭക്ഷണവും അവശ്യ വസ്തുക്കളും എത്തിച്ചാണ് മാഫിയ ജനങ്ങള്‍ക്കിടയില്‍ സ്വാധീനമുണ്ടാക്കുന്നത്. പലിശരഹിത വായ്പയും നല്‍കുന്നുണ്ട്. രാജ്യത്തിന്റെ ദക്ഷിണ മേഖലകളായ കംപാനിയ, കലാബ്രിയ, സിസിലി, പുഗ്ലിയ എന്നിവിടങ്ങളില്‍ മാഫിയാ സഹായ വിതരണം സജീവമാണെന്ന് ദ ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

‘ഒരു മാസത്തിലേറെയായി കടകള്‍, കഫേകള്‍, ഹോട്ടലുകള്‍, പബ്ബുകള്‍… എല്ലാം അടഞ്ഞു കിടക്കുകയാണ്. ദശലക്ഷക്കണക്കിന് ആളുകളുടെ കൈയില്‍ പണമില്ല. ഒരു മാസത്തിലേറെയായി അവര്‍ക്ക് വരുമാനമില്ല. എന്ന് ജോലിയിലേക്ക് തിരിച്ചു പോകാനാകും എന്നതിനെ കുറിച്ച് നിശ്ചയവുമില്ല. ജനങ്ങള്‍ക്കായി സര്‍ക്കാര്‍ ഷോപ്പിങ് വൗച്ചറുകള്‍ നല്‍കുന്നുണ്ട്. എന്നാല്‍ ഈ കുടുംബങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ എത്രയും പെട്ടെന്ന് കാല്‍വയ്പ്പുകള്‍ എടുത്തില്ല എങ്കില്‍ മാഫിയകള്‍ അവരുടെ സേവനം വിപുലപ്പെടുത്തും. ജനങ്ങള്‍ക്കു മേല്‍ സ്വാധീനവും വര്‍ദ്ധിപ്പിക്കും’ – മാഫിയ വിരുദ്ധ അന്വേഷകനും കാറ്റന്‍സരോയിലെ പ്രോസിക്യൂട്ടേഴ്‌സ് ഓഫീസ് തലവനുമായ നിക്കോള ഗ്രട്ടെറി റോയിട്ടേഴ്‌സിനോട് പറഞ്ഞു.

കോവിഡിനെ പ്രതിരോധിക്കാന്‍ പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മൂലം ഇറ്റലിയില്‍ 3.3 ദശലക്ഷം പേരാണ് വീടുകള്‍ക്കകത്തുള്ളത്. ഇതില്‍ പത്തു ലക്ഷം പേര്‍ രാജ്യത്തിന്റെ ദക്ഷിണ മേഖലയിലാണ് ഉള്ളത്. ഭക്ഷണം കിട്ടാത്തതിന്റെ പേരില്‍ ചെറിയ കശപിശകളും ഇവിടെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ സാഹചര്യങ്ങള്‍ മാഫിയ മുതലെടുക്കുമോ എന്നാണ് സര്‍ക്കാറിന്റെ ഭയം.

മരിച്ചവരെ കൊണ്ടു പോകുന്ന ട്രക്കിനരികെ പ്രാര്‍ത്ഥിക്കുന്ന വൈദികന്‍

വെറും ക്രിമിനല്‍ സംഘമല്ല!

ഇറ്റലിയില്‍ വെറും ക്രിമിനല്‍ സംഘത്തെ പോലെയല്ല മാഫിയകള്‍ പ്രവര്‍ത്തിക്കുന്നത് എന്ന് ഗ്രട്ടെറി പറയുന്നു. മാഫിയാ നേതാക്കള്‍ക്ക് നല്ല പോലെ ഭരിക്കാനറിയാം. ഓരോ പ്രദേശങ്ങളും അവരുടെ സ്വന്തം പ്രവിശ്യകളായാണ് അവര്‍ കരുതിപ്പോരുന്നത്. സാഹചര്യങ്ങളില്‍ നിന്ന് മുതലെടുക്കാനുമറിയാം. ഭക്ഷണത്തിന് ആവശ്യമുള്ളപ്പോള്‍ അതു നല്‍കുന്നവരാണ് ജനങ്ങളുടെ കണ്ണില്‍ ഹീറോ. ആവശ്യമെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ ഇറക്കി രാഷ്ട്രീയ നേട്ടത്തിനും അവര്‍ ഇതുപയോഗിക്കും- അദ്ദേഹം ചൂണ്ടിക്കാട്ടി.

മെക്‌സികോയില്‍ എല്‍ ചാപോ ചെയ്തതു പോലുള്ള കാര്യങ്ങള്‍ തന്നെയാണ് ഇറ്റലിയിലും സംഭവിക്കുന്നത്. എല്‍ ചാപോ ടണ്‍ കണക്കിന് കൊക്കൈയ്ന്‍ കടത്തി. നൂറു കണക്കിന് പേരെ കൊന്നു. എന്നാല്‍ സ്വന്തം നഗരത്തില്‍ അദ്ദേഹം ഉദാരവാനായിരുന്നു. തങ്ങള്‍ക്ക് മരുന്നു നല്‍കി എന്നും റോഡുകള്‍ നിര്‍മിച്ചു നല്‍കി എന്നും ജനം എല്‍ ചാപോയെ കുറിച്ച് പറയുമായിരുന്നു. അതേകാര്യങ്ങളാണ് ഇവിടെയും സംഭവിക്കുന്നത്- ഗ്രട്ടെറി പറയുന്നു.

ഇറ്റലിയിലെ സിസിലിയിലാണ് മാഫിയ ഗ്യാങ്ങുകള്‍ സജീവമായി ഉള്ളത്. ക്രിമിനല്‍ സംഘങ്ങളുടെ വലിയ കൂട്ടായ്മയാണിത്. കോസ്‌ക (കുടുംബം) എന്ന പേരിലാണ് ഗ്യാങ്ങിന്റെ ആദ്യ ഘടകം പ്രവര്‍ത്തിക്കുന്നത്. നിരവധി കോസ്‌കകള്‍ ചേരുമ്പോള്‍ ഒരു ബോര്‍ഗാട്ട (നഗരം) ആയി. ഇതിലെ അംഗങ്ങളെ മാഫിയോസി എന്നാണ് വിളിക്കുന്നത്. വന്‍ സ്വാധീനമാണ് മാഫിയ തലവന്മാര്‍ക്ക് ബോര്‍ഗാട്ടകളില്‍ ഉള്ളത്.

സിസിലിക്കന്‍ മാഫിയയുടെ ഏറ്റവും കരുത്തനായ ബോസായി അറിയപ്പെടുന്നത് ബര്‍ണാര്‍ഡോ പ്രൊവന്‍സാനോ (1933-2016) ആയിരുന്നു. ദ ട്രാക്ടര്‍ എന്നാണ് ഇദ്ദേഹം അറിയപ്പെട്ടിരുന്നത്. ഇദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദിച്ച് ഹോളിവുഡില്‍ വരെ സിനിമകള്‍ പുറത്തിറങ്ങിയിട്ടുണ്ട്.

SHARE