സര്‍ക്കാരിനെ രക്ഷിക്കാന്‍ അവസാനവട്ട അടവുമായി കമല്‍നാഥ്; മധ്യപ്രദേശില്‍ മന്ത്രിമാര്‍ രാജിവെച്ചു

ഭോപ്പാല്‍: മധ്യപ്രദേശില്‍ സര്‍ക്കാരിനെ പ്രതിസന്ധിയില്‍നിന്ന് രക്ഷപ്പെടുത്താന്‍ മുഖ്യമന്ത്രി കമല്‍നാഥിന്റെ അവസാനവട്ട ശ്രമം തുടരുന്നു. തിങ്കളാഴ്ച രാത്രി പത്തുമണിയോടെ കമല്‍നാഥ് വിളിച്ചു ചേര്‍ത്ത അടിയന്തരയോഗത്തില്‍ പങ്കെടുത്ത 20 മന്ത്രിമാര്‍ രാജിസമര്‍പ്പിച്ചു. ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം നില്‍ക്കുന്ന വിമതരെ ഉള്‍പ്പെടുത്തി മന്ത്രിസഭ പുനഃസംഘടിപ്പിക്കാനാണ് കമല്‍നാഥിന്റെ നീക്കമെന്നാണ് സൂചന.

29 അംഗങ്ങളാണ് കമല്‍നാഥ് മന്ത്രിസഭയിലുണ്ടായിരുന്നത്. ഇവരില്‍ യോഗത്തില്‍ പങ്കെടുത്ത ഇരുപതുപേരാണ് രാജിസമര്‍പ്പിച്ചിട്ടുള്ളത്. കമല്‍നാഥും ജ്യോതിരാദിത്യ സിന്ധ്യയും തമ്മിലുള്ള പടലപ്പിണക്കങ്ങളാണ് സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയത്. ഇതിനിടെ സിന്ധ്യയുമായി അടുപ്പമുള്ള ആറ് മന്ത്രിമാരടക്കം 18 കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പ്രത്യേകവിമാനത്തില്‍ ബംഗളൂരുവിലെ അജ്ഞാതകേന്ദ്രത്തിലേക്ക് പറന്നത് വലിയ ഊഹാപോഹങ്ങള്‍ക്ക് വഴിവെക്കുകയും ചെയ്തിട്ടുണ്ട്.
ഈ മന്ത്രിമാരെയും ബന്ധപ്പെടാനാവുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. രാജ്യസഭ സീറ്റുകളിലേക്ക് മത്സരം നടക്കാനിരിക്കെയാണ് എം.എല്‍.എമാര്‍ ബംഗളൂരുവിലേക്ക് മാറിയിരിക്കുന്നത്.

തൊഴില്‍ മന്ത്രി മഹേന്ദ്ര സിസോഡിയ, വനിതാ, ശിശു വികസന മന്ത്രി ഇമാര്‍തി ദേവി, ഗതാഗത മന്ത്രി ഗോവിന്ദ് രജ്പുത്, ആരോഗ്യമന്ത്രി തുളസി സിലാവത്ത്, സ്‌കൂള്‍ വിദ്യാഭ്യാസ മന്ത്രി പ്രഭുരം ചൗധരി, ഭക്ഷ്യസിവില്‍ സപ്ലൈസ് മന്ത്രി പ്രദ്യുമ്‌ന തോമര്‍ എന്നിവരാണ് ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമുള്ളതെന്നാണ് വിവരം. പത്ത് എംഎല്‍എമാര്‍ കൂറുമാറിയാല്‍ കോണ്‍ഗ്രസിനു അധികാരം നഷ്ടപ്പെടും. ബിജെപിക്ക് അധികാരത്തിലെത്താനും സാധിക്കും. കോണ്‍ഗ്രസ് എംഎല്‍എമാരുമായി ബിജെപി നിരന്തരം ബന്ധപ്പെടുന്നതായും വാര്‍ത്തകളുണ്ട്.

ആകെ 230 സീറ്റുകളാണ് മധ്യപ്രദേശിലുള്ളത്. രണ്ട് എംഎല്‍എമാരുടെ നിര്യാണത്തെ തുടര്‍ന്ന് രണ്ട് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതിനാല്‍ ഇപ്പോള്‍ ആകെയുള്ള 228 പേരാണ്. ഇതില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനു 114 എംഎല്‍എമാരുണ്ട്. നാല് സ്വതന്ത്രര്‍, രണ്ട് ബിഎസ്പി, ഒരു എസ്പി എംഎല്‍എമാരുടെ അടക്കം 121 പേരുടെ പിന്തുണയാണ് കമല്‍നാഥ് സര്‍ക്കാരിനുള്ളത്. ബിജെപിക്ക് 116 എംഎല്‍എമാരുടെ പിന്തുണയാണുള്ളത്. പത്ത് എംഎല്‍എമാരെ അടര്‍ത്തിയെടുക്കാന്‍ സാധിച്ചാല്‍ ബിജെപിക്ക് വളരെ എളുപ്പത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സാധിക്കും.

SHARE