മധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കാത്ത സംഭവം; വിശദീകരണവുമായി തെരഞ്ഞെടുപ്പ് കമ്മിഷന്‍

ന്യൂഡല്‍ഹി: മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം വോട്ടിംഗ് മെഷീനുകള്‍ സൂക്ഷിച്ചിരുന്ന ഭോപ്പാലിലെ സ്‌ട്രോംഗ് റൂമില്‍ ഒരു മണിക്കൂറോളം സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ മറുപടി നല്‍കി. വൈദ്യുത തകരാറ് കാരണമാണ് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തന രഹിതമായതെന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്‍ സ്ഥിരീകരിച്ചു.

നേരത്തെ, ഇത് പ്രതിപക്ഷ പാര്‍ട്ടികളാണ് ചെയ്തതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഭോപ്പാലില്‍ വെള്ളിയാഴ്ച രാവിലെ 8.19 മുതല്‍ 9.35 വരെയുള്ള സമയത്ത് സി.സി.ടി.വി ക്യാമറകളും സ്‌ട്രോംഗ് റൂമിന് പുറത്ത് സ്ഥാപിച്ച എല്‍.ഇഡി സ്‌ക്രീനും പ്രവര്‍ത്തനരഹിതമായതായി ജില്ലാ കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. വൈദ്യുതി ഇല്ലാത്ത സമയത്ത് ഇന്‍വെര്‍ട്ടറൊ, ജനറേറ്ററോ ഉപയോഗിച്ച് സി.സി.ടി.വി ക്യാമറകള്‍ പ്രവര്‍ത്തിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടിലുണ്ട്.

മദ്ധ്യപ്രദേശ് ആഭ്യന്തര മന്ത്രിയുടെ മണ്ഡലത്തിലെ വോട്ടിംഗ് മെഷീനുകള്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞ് രണ്ടു ദിവസത്തിന് ശേഷം സ്‌ട്രോംഗ് റൂമില്‍ എത്തിയ സംഭവത്തില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിച്ചതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞു. ഇ.വി.എമ്മുകള്‍ ഇപ്പോഴും സുരക്ഷിതമാണെന്നും അനധികൃതപ്രവര്‍ത്തനങ്ങള്‍ തടയുന്നതിന് രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കാവലുണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. നവംബര്‍ 28-നാണ് മദ്ധ്യപ്രദേശില്‍ തിരഞ്ഞെടുപ്പ് നടന്നത്.