വീട്ടിലെക്കുള്ള വഴിയെ രണ്‍വീര്‍ സിങ് കുഴഞ്ഞുമരിക്കുമ്പോള്‍; അട്ടിമറിയുടെ വിജയാഹ്ലാദത്തിലാണ് മധ്യപ്രദേശ് സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് 19 വൈറസ് വ്യാപത്തിനിടയില്‍ അധികാര അട്ടിമറി നടന്ന മധ്യപ്രദേശില്‍ നിന്നും പുറത്തുവരുന്ന വാര്‍ത്ത ഞെട്ടിക്കുന്നത്. വൈറസ് വ്യാപനം തടയുന്നതിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി 21 ദിവസത്തെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചിരിക്കെ, കോണ്‍ഗ്രസ് സര്‍ക്കാറിനെ അട്ടിമറിച്ച മധ്യപ്രദേശില്‍ അധികാരത്തിലെത്തിയ ശിവരാജ് ചൗഹാന്‍ നയിക്കുന്ന ബിജെപി സര്‍ക്കാര്‍ വിഷയം ഗൗനിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

സമ്പൂര്‍ണ്ണ അടച്ചുപൂട്ടല്‍ പ്രഖ്യാപിച്ച മാര്‍ച്ച് 24ന് പിന്നാലെ വിവിധ സംസ്ഥാനങ്ങളില്‍ നിരവധി കുടിയേറ്റ തൊഴിലാളികളാണ് കുടുങ്ങിക്കിടക്കുന്നത്. ഇങ്ങനെ ഡല്‍ഹിയില്‍ ജോലി നഷ്ടപ്പെട്ട് ഡല്‍ഹിയില്‍ കുടുങ്ങിയ മധ്യപ്രദേശ് സ്വദേശിയും മൂന്നുപേരുടെ പിതാവുമായ 39 കാരന്‍ രണ്‍വീര്‍ സിങാണ് ഇന്നലെ വീട്ടിലേക്കുള്ള വഴിയെ കുഴഞ്ഞുവീണു മരിച്ചത്. അടച്ചുപൂട്ടലിന് പിന്നാലെ ഡല്‍ഹിയിലും മറ്റുമായി കുടുങ്ങി കിടക്കുന്ന നിരവധി ആളുകളുടെ പ്രശ്‌നങ്ങളെ തിരിച്ചറിയാത്ത ശിവരാജ് ചൗഹാന്‍ സര്‍ക്കാറിനെതിരെ വലിയ വിമര്‍ശനങ്ങളാണ് ഉയരുന്നത്.

ഡല്‍ഹിയിലെ സ്വകാര്യ റെസ്റ്റോറന്റില്‍ ഹോം ഡെലിവറി സേവനത്തില്‍ ജോലി ചെയ്തിരുന്ന മധ്യപ്രദേശിലെ മൊറീന ജില്ല സ്വദേശിയായ രണ്‍വീര്‍, കഴിഞ്ഞ നാലു ദിവസമായി നാട്ടിലേക്ക് തിരിക്കാനുള്ള ശ്രമത്തിലായിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഭാഗത്ത് നിന്നും തങ്ങള്‍ക്ക് അനുകൂലമായി ഒരു വഴിയും തുറക്കാതെയായെതോടെയാണ് കൂട്ടുകാര്‍ക്കൊപ്പം കിലോമീറ്ററുകള്‍ നടക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ 200 കിലോമീറ്റര്‍ താണ്ടിയ ഇയാള്‍ യാത്രാമധ്യേ ആഗ്രയിലേക്ക് മരിച്ചുവീഴുകയായിരുന്നു.

രാജ്യത്ത് വൈറസ് ബാധ പടരുന്നതിനിടെയാണ് കമല്‍നാഥ് സര്‍ക്കാറിനെ അസ്ഥിരപ്പെടുത്തി കുതിരക്കച്ചവടത്തിന്റെയും എംഎല്‍എമാരുടെ വേട്ടയാടലിന്റെയും അടിസ്ഥാനത്തില്‍ ബിജെപി മധ്യപ്രദേശില്‍ സര്‍ക്കാര്‍ രൂപീകരിച്ചത്. കര്‍ണാടക, ഗോവ, മണിപ്പൂര്‍ എന്നിവിടങ്ങളില്‍ പാര്‍ട്ടി ഭൂരിപക്ഷം നേടാതെ അധികാരം പിടിച്ചെടുത്ത രീതി തന്നെയാണ് കൊറോണ ഭീതിക്കിടയിലും മധ്യപ്രദേശില്‍ കണ്ടത്.

പത്രസമ്മേളമനത്തില്‍ എത്തിയ മാധ്യമപ്രവര്‍ത്തകന് വൈറസ് ബാധ സ്ഥിരീകരിച്ചത് സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം വ്യക്തമാക്കുന്നതായിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരുകള്‍ ആരോഗ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പ്രധാനമന്ത്രി മോദി ഒരുവഴിയെ സംസാരിക്കുമ്പോഴും, മധ്യപ്രദേശിലെ തെരഞ്ഞെടുക്കപ്പെട്ട ഒരു സംസ്ഥാന സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തുന്നതിന്റെ ശ്രമത്തിലായിരുന്നു ബിജെപി.

ഇതിനിടെ കോണ്‍ഗ്രസില്‍ നിന്നും ചാടിയ ജോതിരാദിത്യ സിന്ധ്യക്കും കുടുംബത്തിനുമെതിരെയുള്ള സാമ്പത്തിക കുറ്റകൃത്യം സംബന്ധിച്ച കേസ് മധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍ അവസാനിപ്പിച്ചിരുന്നു.

അതേസമയം, മധ്യപ്രദേശില്‍ പുതുതായി കോവിഡ് 19 സ്ഥിരീകരിച്ച അഞ്ച് പേര്‍ക്കും ഒരു യാത്ര ചരിത്രവും ഇല്ലെന്ന റിപ്പോര്‍ട്ടും ആശങ്കാജനകമാണ്. മഹാത്മാഗാന്ധി മെമ്മോറിയല്‍ മെഡിക്കല്‍ കോളേജിലെ ഉദ്യോഗസ്ഥര്‍ പറയുന്നതനുസരിച്ച് 5 പേര്‍ക്കാണ് ഇന്നലെ കൊറോണ വൈറസിന് പോസിറ്റീവ് സ്ഥിരീകരിച്ചത്. ഇതില്‍ നാലുപേരു ഇന്‍ഡോറില്‍ നിന്നുള്ളവരാണ്്. ഒരു കേസ് ഉജ്ജൈനില്‍ നിന്നും. എന്നാല്‍ ഇവരില്‍ ആര്‍ക്കും യാത്രാ ചരിത്രമില്ലെന്നാണ് റിപ്പോര്‍ട്ട്. 40 വയസ്, 48 വയസ്, 21 വയസ്, 38 വയസ് പ്രായമുള്ള പുരുഷന്മാര്‍ക്കും ഉജ്ജൈനില്‍ 17 വയസുള്ള യുവതിക്കുമാണ് സ്ഥിരീകരിച്ചത്. എന്നാല്‍ ഇവര്‍ക്ക് യാത്ര ചരിത്രമില്ലെങ്കിലും നേരത്തെ സ്ഥിരീകരിച്ചവരുമായുള്ള സമ്പര്‍ക്കം പരിശോധിച്ചു വരുകയാണ്.