മധ്യപ്രദേശില്‍ സിന്ധ്യ പക്ഷത്തിന് കൂടുതല്‍ പ്രാമുഖ്യം നല്‍കി ബി.ജെ.പി മന്ത്രിസഭ; നേതാക്കള്‍ക്ക് അമര്‍ഷം


ഭോപ്പാല്‍: കോണ്‍ഗ്രസ് വിട്ട് ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പമെത്തിയവരെ കൂടുതല്‍ ഉള്‍ക്കൊള്ളിച്ച് മധ്യപ്രദേശില്‍ മന്ത്രിസഭ വികസിപ്പിച്ചു. ആകെ 28 എംഎല്‍എമാരാണ് മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തതത്. ഇതില്‍ 12 പേരും ജ്യോതിരാദിത്യ സിന്ധ്യയ്‌ക്കൊപ്പമെത്തിയവരാണ്.

രാവിലെ 11 മണിക്ക് മധ്യപ്രദേശ് രാജ്ഭവനില്‍ നടന്ന ചടങ്ങിലാണ് ഇവര്‍ മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തത്. മധ്യപ്രദേശിലെ കമല്‍നാഥിന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന് ഭരണം നഷ്ടപ്പെട്ടത് ജ്യോതിരാദിത്യ സിന്ധ്യ പാര്‍ട്ടി വിട്ടതോടെയാണ്. അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാരും രാജിവച്ചതോടെ കോണ്‍ഗ്രസ് സര്‍ക്കാര്‍ നിലംപൊത്തി. ഇതോടെയാണ് മധ്യപ്രദേശില്‍ വീണ്ടും ശിവരാജ് സിങ് ചൗഹാന്‍ അധികാരത്തിലെത്തിയത്.

കോണ്‍ഗ്രസില്‍ നിന്ന് വന്നവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കാന്‍ മന്ത്രിസ്ഥാനം പ്രതീക്ഷിച്ച പല ബിജെപി നേതാക്കളെയും അവസാന നിമിഷം ഒഴിവാക്കി. രണ്ട് ദിവസത്തോളം ഡല്‍ഹിയില്‍ കേന്ദ്രനേതൃത്വവുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വികസനത്തില്‍ അന്തിമ തീരുമാനമുണ്ടായത്. ഡല്‍ഹിയില്‍ നിന്ന് ചൊവ്വാഴ്ചയാണ് ചൗഹാന്‍ മടങ്ങിയെത്തിയത്.

മധ്യപ്രദേശിന്റെ ചുമതലകൂടിയുള്ള ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേലിന്റെ മുമ്പാകെയാണ് മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

അതേസമയം സിന്ധ്യയ്‌ക്കൊപ്പമെത്തിയവരെ മന്ത്രിസഭയില്‍ ഉള്‍ക്കൊള്ളിക്കുന്നതിനെതിരെ സംസ്ഥാനത്തെ ബിജെപി നേതാക്കള്‍ക്കിടയില്‍ അതൃപ്തിയുണ്ട്. സംസ്ഥാനത്തെ പല മുതിര്‍ന്ന നേതാക്കളെയും തഴഞ്ഞാണ് കോണ്‍ഗ്രസില്‍ നിന്നെത്തിയവര്‍ക്ക് മന്ത്രിസ്ഥാനം നല്‍കിയിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളെ മന്ത്രിസ്ഥാനത്തേക്ക് പരിഗണിക്കാതിരുന്നത് നല്ല ആശയമല്ലെന്ന് ബിജെപി നേതാവായ ഗോപാല്‍ ഭാര്‍ഗവ പരസ്യമായി പറയുകയും ചെയ്തു.