മധ്യപ്രദേശില്‍ ബി.ജെ.പിക്ക് ആഘാതം; രണ്ട് കോണ്‍ഗ്രസ് നേതാക്കള്‍ മടങ്ങിയെത്തി


ഭോപ്പാല്‍: മധ്യപ്രദേശില്‍ 24 നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള രാഷ്ട്രീയ നീക്കം സജീവമാകുന്നു. മുന്‍ മന്ത്രി ബാലേന്ദു ശുക്ല, ജ്യോതിരാദിത്യ സിന്ധ്യക്കൊപ്പം ബിജെപിയിലേക്ക് പോയ സേവാദള്‍ മുന്‍ അധ്യക്ഷന്‍ സത്യേന്ദ്ര യാദവ് എന്നിവര്‍ കോണ്‍ഗ്രസിലേക്കുതന്നെ മടങ്ങി വന്നു. ബിജെപിയില്‍ സിന്ധ്യ ശ്വാസം മുട്ടി നില്‍ക്കുകയാണെന്നും വൈകാതെ കോണ്‍ഗ്രസില്‍ തിരിച്ചെത്തും എന്നും ഭോപ്പാലിലെ പിസിസി ആസ്ഥാനത്ത് വെച്ച് അംഗത്വം സ്വീകരിച്ച ശേഷം സത്യേന്ദ്ര യാദവ് പ്രഖ്യാപിച്ചു.

ജ്യോതിരാദിത്യ സിന്ധ്യയുടെ പിതാവ് മാധവ് റാവു, സിന്ധ്യയുടെ അടുത്ത അനുയായി ആയിരുന്ന ബാലേന്ദു ശുക്ല 2009 ലാണ് ബിജെപിയില്‍ ചേര്‍ന്നത്. ഗ്വാളിയോര്‍ ചമ്പല്‍ മേഖലയില്‍ സ്വാധീനമുള്ള ബാലേന്ദു ശുക്ലയുടെ മടങ്ങി വരവ് കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തപ്പെടുന്നത്. ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന 24 ല്‍ 16 സീറ്റുകളും ഗ്വാളിയോര്‍ – ചമ്പല്‍ മേഖലയില്‍ ആണ്. സിന്ധ്യക്കൊപ്പം ബിജെപിയില്‍ ചേര്‍ന്ന പലരും പാര്‍ട്ടിയില്‍ തിരിച്ചെത്താന്‍ ആഗ്രഹം പ്രകടിപ്പിച്ചു എന്നാണ് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ അവകാശവാദം.

ശിവരാജ് സിംഗ് ചൗഹാന്‍ മന്ത്രിസഭാ വികസനം നീട്ടികൊണ്ടുപോകുന്നതിനെതിരെ പരസ്യമായി പ്രതികരിച്ചിട്ടില്ലെങ്കിലും സിന്ധ്യക്ക് എതിര്‍പ്പുണ്ട്. പാര്‍ട്ടിയില്‍ ചേരുന്ന വേളയില്‍ നല്‍കിയ വാക്കു ബിജെപി പാലിച്ചിട്ടില്ലെന്നാണ് സിന്ധ്യ ക്യാമ്പിന്റെ ആരോപണം. പത്തുമന്ത്രി സ്ഥാനം വേണമെന്ന് സിന്ധ്യ ക്യാമ്പ് ആവശ്യപ്പെടുമ്പോള്‍ ആറില്‍ കൂടുതല്‍ മന്ത്രിസ്ഥാനം സിന്ധ്യ അനുകൂലികള്‍ക്ക് നല്‍കാന്‍ കഴിയില്ല എന്നാണ് ചൗഹാന്റെ നിലപാട്. മൂന്ന് രാജ്യസഭാ സീറ്റിലേക്ക് ഈമാസം നടക്കുന്ന തെരഞ്ഞെടുപ്പിനു പുറമെ 24 നിയമസഭാ സീറ്റുകളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പ് വരാനിരിക്കെ മധ്യപ്രദേശില്‍ ഇനിയും രാഷ്ട്രീയ കരുനീക്കങ്ങളും കൂടുമാറ്റങ്ങളും ഉണ്ടാകുമെന്നു ഉറപ്പ്.